ഹൈന്ദവ സമാജത്തിലേക്കുള്ള കവാടങ്ങള്‍

Saturday 13 May 2017 7:15 pm IST

അടുത്തകാലത്ത്, മീനാക്ഷിപുരത്ത് ചില ഗ്രാമീണരെ ഇസ്ലാംമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതിനെ തുടര്‍ന്നുണ്ടായ അഖിലഭാരത വ്യാപകമായ ഹൈന്ദവ പ്രതികരണത്തേയും ജാഗരണത്തേയും കുറിച്ച് മിത്രാമിത്രഭേദമെന്യേ പലരും ലേഖനങ്ങളും വിമര്‍ശനങ്ങളും എഴുതിപ്പോരുന്നുണ്ട്. പത്രക്കാരും ലേഖകന്മാരും സാമൂഹ്യചിന്തകന്മാരും മതപ്രചാരകന്മാരും രാഷ്ട്രീയക്കാരുമെല്ലാം അക്കൂട്ടത്തില്‍പ്പെടുന്നു. രാജീവ്ഗാന്ധിയുടെ തകര്‍പ്പന്‍ വിജയത്തിന് ഒരു കാരണം 'ഹിന്ദു ബാക്ക്‌ലാഷ്' (ഹൈന്ദവതിരിച്ചടി) ആണെന്ന്, തലേദിവസംവരെ അതിനെക്കുറിച്ച് ഒരക്ഷരം മിണ്ടാത്തവര്‍ എഴുതിച്ചേര്‍ത്തുകഴിഞ്ഞു. ഇപ്പറഞ്ഞതില്‍നിന്നു ഇതുമാത്രമാണ് മുഴുവന്‍ സത്യം എന്നുകരുതി ഇതിനപ്പുറം കാണാതിരിക്കുന്നത് ശരിയായിരിക്കില്ല. മീനാക്ഷീപുരപര്‍വം, ഹിന്ദുജാഗരണത്തിന്റെ ഹേതുവല്ല ഫലമാണ് എന്ന് നാം ഓര്‍ക്കണം. ഇക്കഴിഞ്ഞ ഒരു ദശാബ്ദത്തില്‍ മറ്റുപലതും സംഭവിച്ചിട്ടുണ്ട്. ചോര്‍ച്ചയ്ക്കു പഴുതില്ലാതെ അടയ്ക്കപ്പെട്ട കോട്ടയാണ് ഇസ്ലാം മതം എന്ന വിഖ്യാതി നിരാകരിച്ചുകൊണ്ട് പാലസ്തീന്‍ വിമോചന സംഘടനയുടെ (പിഎല്‍ഒ) തലപ്പത്തെ ഒരു മേധാവി ഹരേകൃഷ്ണ പ്രസ്ഥാനത്തില്‍ ചേര്‍ന്നു, രാവണാരിദാസനായി ലോകം ചുറ്റി. അറബിനാടുകളില്‍ ലക്ഷക്കണക്കിന് ഭഗവദ്ഗീതാപ്രതികള്‍ പ്രചരിപ്പിക്കാന്‍ പദ്ധതിയിട്ടു. ഭാരതത്തിനുള്ളില്‍ തന്നെ രാജസ്ഥാനിലെ പ്രസിദ്ധമായ പുഷ്‌കരതടാകത്തിന്റെ തീരത്തില്‍വച്ച് ഒറ്റയടിക്ക് പണ്ടത്തെ പൃഥ്വിരാജന്റെ വംശജരായ മൂവായിരത്തോളം ചൗഹാന്‍ മുസ്ലിങ്ങള്‍ മാതൃധര്‍മത്തിലേക്ക് തിരിച്ചുവന്നു. ആ രംഗം പിന്നേയും മുന്നോട്ടലച്ചതിന്റെ ഫലമായി 1984 ഡിസംബറിന് മുന്‍പ് മുപ്പതിനായിരത്തോളം പേര്‍ തിരിച്ചുവന്നു. അതുപോലെ അമേരിക്കയിലെ കുബേര കുടുംബമായ ഫോര്‍ഡ് കുടുംബത്തില്‍നിന്ന് എണ്ണപ്പെട്ട ഒരാള്‍ ഹിന്ദുമതം സ്വീകരിച്ച് അംബരീഷദാസനായി മെല്ലെയാണെങ്കിലും അസന്ദിഗ്ദ്ധമായി ഭാരതത്തിനുള്ളില്‍ പലേടത്തും ക്രൈസ്തവരായിത്തീര്‍ന്നവരെ വീണ്ടെടുത്തു തുടങ്ങിയിരിക്കുന്നു. പുറത്തേക്കുള്ള കവാടം മാത്രമുള്ള ഒന്നല്ല ഹൈന്ദവസമാജം എന്ന് ഇന്ന് എല്ലാവര്‍ക്കും അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഒരുവശത്ത് ഇമ്മട്ടിലുള്ള വരവും തിരിച്ചുവരവും നടക്കുമ്പോള്‍ ആധുനികശാസ്ത്രം സൃഷ്ടിച്ച ശാസ്ത്രീയ ബോധവും ജനാധിപത്യം സൃഷ്ടിച്ച സ്വതന്ത്രചിന്തയും സര്‍വോപരി ഹൈന്ദവദര്‍ശനങ്ങള്‍ സൃഷ്ടിച്ച സര്‍വാശ്ലേഷിതയും മൂലം സെമിറ്റിക് മതങ്ങളുടെ ഏകൈക ദൈവവിശ്വാസത്തിന് കാര്യമായ കോട്ടം തട്ടിയിരിക്കുന്നു. എന്റെ മതം മാത്രമാണ് ശരി, എന്റെ ദൈവം മാത്രമാണ് സാക്ഷാല്‍ ദൈവം, എന്റെ മാര്‍ഗം മാത്രമാണ് ശരിയായ മാര്‍ഗ്ഗം എന്നു വിശ്വസിക്കുന്നവര്‍ അത് അതേപടി പണ്ടത്തെപ്പോലെ വെട്ടിത്തുറന്നുപറയാന്‍ ധൈര്യപ്പെടുന്നില്ല. പൊതുവേദികളില്‍ വന്നു അവരും ഒരു ജാതി ഒരു മതം ഒരു ദൈവം പ്രസംഗിക്കേണ്ടിവരുന്നു. സെമിറ്റിക് മതങ്ങളില്‍ വിശ്വസിക്കുന്ന സാധാരണക്കാരനാകട്ടെ ക്രമേണ ഹൈന്ദവതയുടെ സര്‍വമതസമഭാവത്തില്‍ മാത്രമല്ല അന്യമത സത്യമൂല്യത്തിലും കൂടി വിശ്വസിച്ചു തുടങ്ങിയതായി ധാരാളം കാണാന്‍ കഴിയുന്നു. ഇത് ആ മതങ്ങളെ സംബന്ധിച്ചിടത്തോളം സാരമായ വ്യതിയാനമാണ്. അതു കാരണം നമുക്കിന്ന് യേശുവില്‍ വിശ്വസിച്ചുകൊണ്ടുതന്നെ അയ്യപ്പനില്‍ വിശ്വസിക്കുന്ന ഒരു യേശുദാസനെ കാണാം. ഗുരുവായൂരപ്പന് തുലാഭാരം നേരുന്ന ക്രൈസ്തവരെയും മുസ്ലിങ്ങളെയും കാണാം. സത്യസായിബാബയുടെ അടുക്കല്‍പോയി അഭീഷ്ടം ചോദിക്കുന്ന വെല്ലിംഗ്ടനെയും അബ്ദുള്ളയേയും കാണാം. ഹിന്ദുക്കള്‍ അങ്ങോട്ടും അതുപോലെ പ്രതികരിക്കുന്നില്ലേ എന്ന ചോദ്യമുണ്ടാകാം. ശരിയാണ്. എന്നാല്‍ അതില്‍ പുതുമയില്ല. ഹൈന്ദവമതങ്ങള്‍ അതിന് പണ്ടേ സമ്മതിച്ചിട്ടുണ്ട്. ശ്രീരാമകൃഷ്ണദേവനും വിവേകാനന്ദനുമെല്ലാം അതിന് ഒന്നാംതരം ഉദാഹരണങ്ങളാണ്. മറിച്ചുള്ള ചിന്താപ്രവാഹമാണ് പുതിയത്. കാലം മുന്നോട്ടുപോകുന്നതോടുകൂടി ഈ പ്രവണതയ്ക്ക് ഗതിവേഗം കൂടുകയേ ഉള്ളൂ. ഭാവിയില്‍ യേശുദാസന്മാര്‍ ഒറ്റക്കായിരിക്കില്ല. വിശ്വാസപ്രമാണത്തില്‍ പ്രവേശിച്ച ഗവര്‍ണര്‍ എബ്രഹാം അദ്ദേഹത്തിന് ഇപ്പോഴെ കൂട്ടുണ്ട്. ഇതിന്റെ കൂട്ടത്തിലാണ് മറ്റൊരു പ്രതിഭാസം കാണാന്‍ കഴിയുന്നത്. റഷ്യയില്‍ ഇക്കഴിഞ്ഞ വര്‍ഷം പരസഹസ്രം വാല്മീകി രാമായണം (റഷ്യന്‍ ഭാഷയില്‍ വിവര്‍ത്തനം ചെയ്തത്) വിറ്റഴിഞ്ഞുവത്രെ! ചൈനയില്‍ ലക്ഷത്തില്‍പ്പരം ഭഗവദ്ഗീത ഇറക്കുമതി ചെയ്തത്രെ. റഷ്യയില്‍ പ്രസംഗിക്കാന്‍ അവിടത്തെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ സ്വാമി ചിന്മയാനന്ദനെയും സ്വാമി രംഗനാഥാനന്ദനെയും ക്ഷണിക്കുകയുണ്ടായി. രംഗമവിടെ അവസാനിക്കുന്നില്ല. ചൈന, മാര്‍ക്‌സും എംഗല്‍സും അല്ല പുരോഗതിയുടെ പരമമായ വാക്ക് എന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ഒരുപടി കടന്ന്, അവര്‍ പഴഞ്ചനായിക്കഴിഞ്ഞിരിക്കുന്നു എന്നുപറഞ്ഞ് അവരെ പിന്‍സീറ്റില്‍ മാറ്റിയിരുത്താന്‍ നിശ്ചയിച്ചിരിക്കുന്നു. ലെനിനുവേണ്ടിയും അവിടെ മൂന്നാമതൊരു സീറ്റ് ഒഴിവാക്കിയിട്ടുണ്ട്. ഇതിന് കഷ്ടിച്ച് ആറുമാസം മുന്‍പാണ് ഇംഗ്ലണ്ടിലെ കാന്റര്‍ബറി ബിഷപ്പ് മറ്റൊരു ബോംബു പൊട്ടിച്ചത്. ഇംഗ്ലണ്ടിലെ ദൂരദര്‍ശന്‍ അഭിമുഖത്തില്‍ അദ്ദേഹം മറിയത്തിന്റെ ദിവ്യഗര്‍ഭത്തെക്കുറിച്ചും യേശുവിന്റെ ഉടലോടെയുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പിനേക്കുറിച്ചും അദ്ഭുതസിദ്ധികളെക്കുറിച്ചും അവിശ്വാസം തുറന്നുപ്രകടിപ്പിച്ചു. ഈ 'വ്യതിയാനങ്ങളും തിരുത്തല്‍വാദങ്ങളും' ഓര്‍മയില്‍ വച്ചുകൊണ്ടാണ് 'പ്രതിഭാസം' എന്നുപറഞ്ഞത്. ഈയൊരു പ്രഭാതത്രിസന്ധ്യയിലാണ് ഹിന്ദുസമാജം നില്‍ക്കുന്നത്. ഈയൊരുഘട്ടത്തിലാണ് ഭഗിനീനിവേദിതയുടെ വാക്കുകള്‍ നമ്മുടെ മഹത്തായ കര്‍ത്തവ്യം അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ ചൂണ്ടിക്കാണിക്കുന്നുണ്ട്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.