കട്ടപ്പനയില്‍ വീട് കുത്തിത്തുറന്ന് 15 പവന്‍ സ്വര്‍ണം കവര്‍ന്നു

Saturday 13 May 2017 8:23 pm IST

കട്ടപ്പന: കട്ടപ്പനയില്‍ വീട് കുത്തിത്തുറന്ന് 15 പവന്‍ സ്വര്‍ണം മോഷ്ടിച്ചു. പുതിയ ബസ്റ്റാന്റിന് സമീപം താമസിക്കുന്ന ചെറുകുന്നേല്‍ ജോജിയുടെ വീട്ടിലാണ് ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെ മോഷണം നടന്നത്. വീട്ടിലുണ്ടായിരുന്നവരെ  ഭീഷണിപ്പെടുത്തിയാണ് മോഷ്ടാക്കള്‍ സ്വര്‍ണം അപഹരിച്ചത്. മോഷ്ടാക്കളുടെ പക്കല്‍ കമ്പിവടിയുണ്ടായിരുന്നു. വീടിന്റെ പിന്‍ഭാഗത്തെ  ഗ്രില്ല് തകര്‍ക്ക് അകത്തുകയറിയ മോഷ്ടാക്കള്‍  ജോജിയുടെ കിടപ്പുമുറിയിലെ അലമാരയില്‍ നിന്നും ആദ്യം സ്വര്‍ണം മോഷ്ടിച്ചു. ശബ്ദം കേട്ടുണര്‍ന്ന ജോജിയുടെ ഭാര്യജോളിയേയും ജോജിയുടെ പിതാവിനെയും ഭീഷണിപ്പെടുത്തി ഇവര്‍ അണിഞ്ഞിരുന്ന ആഭരണവും ഊരിവാങ്ങിയതായി ജോജിയുടെ കുടുംബാംഗങ്ങള്‍ പോലീസിനോട് പറഞ്ഞു. രണ്ട് പേരാണ് മോഷണം നടത്തിയതെന്നും ഇതില്‍ ഒരാള്‍ തോര്‍ത്ത് ഉപയോഗിച്ച് മുഖം മറച്ചിരുന്നതായും മൊഴി ലഭിച്ചിട്ടുണ്ട്. സംഭവ സമയത്ത് വനംവകുപ്പ് ഉദ്യോഗസ്ഥനായ ജോജി വീട്ടില്‍ ഉണ്ടായിരുന്നില്ല. അലമാരയില്‍ സ്വര്‍ണം സൂക്ഷിച്ചിരുന്ന പെട്ടികള്‍ വീടിനു സമീപത്തുനിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ പോലീസ് കണ്ടെടുത്തു. ഡോഗ്‌സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. പുലര്‍ച്ചെ പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തുകൂടിപോയ ആളുകളുടെയും വാഹനങ്ങളുടെയും  ചിത്രങ്ങള്‍ വ്യാപാര സ്ഥാപനങ്ങളിലെ കാമറയില്‍ നിന്നും പോലീസ് ശേഖരിച്ചുവരികയാണ്. കട്ടപ്പന ഡിവൈഎസ്പി എന്‍ സി രാജ്‌മോഹന്‍, കട്ടപ്പന സിഐ അനില്‍കുമാര്‍, എസ്‌ഐ റ്റി സി മുരുകന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി പരിശോധന നടത്തി. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ലെന്ന് കട്ടപ്പന സി.ഐ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.