ബൈന്ദൂര്‍ പാസഞ്ചര്‍ സര്‍വ്വീസ് നിര്‍ത്തി

Saturday 13 May 2017 8:54 pm IST

കാഞ്ഞങ്ങാട്: കണ്ണൂരില്‍ നിന്ന് ബൈന്ദൂരിലേക്ക് സര്‍വ്വീസ് നടത്തിയിരുന്ന ബൈന്ദൂര്‍ പാസഞ്ചര്‍ (56665/56666) തീവണ്ടി സര്‍വ്വീസ് നിര്‍ത്തി. ഇന്നലെ മുതലാണ് തീവണ്ടി സര്‍വ്വീസ് നിര്‍ത്തിയത്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലേക്ക് പോകുന്നവര്‍ക്ക് ഉപകാരപ്രദമായിരുന്നു ബൈന്ദൂര്‍ പാസഞ്ചര്‍. ഒരറിയിപ്പുണ്ടാകുന്നതു വരെ തീവണ്ടി ഇനി സര്‍വ്വീസ് നടത്തില്ല എന്നാണ് റെയില്‍വേ അറിയിപ്പ് നല്‍കിയിരിക്കുന്നത്. പാടില്‍-ജെക്കോട്ടെ ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ബൈന്ദൂര്‍ പാസഞ്ചര്‍ ഒരുമാസത്തേക്ക് മംഗളൂരു ജങ്ഷനില്‍ ഓട്ടം നിര്‍ത്തിയിരുന്നു. മംഗളൂരുവിനും കണ്ണൂരിനും ഇടയില്‍ മാത്രമായിരുന്നു തീവണ്ടി സര്‍വ്വീസ് നടത്തിക്കൊണ്ടിരുന്നത്. അതിനിടയിലാണ് തീവണ്ടി സര്‍വ്വീസ് നിര്‍ത്തലാക്കിയത്. ഇത് സംബന്ധിച്ച് എല്ലാ സ്‌റ്റേഷനുകളിലും ഈ അറിയിപ്പ് റെയില്‍വേ നല്‍കിക്കഴിഞ്ഞു. കൊല്ലൂര്‍ മൂകാംബികയിലേക്ക് പോകാന്‍ കാസര്‍കോട്ടുനിന്നാരംഭിച്ച വണ്ടിയാണ് ബൈന്ദൂര്‍ പാസഞ്ചര്‍. പിന്നീടിത് കണ്ണൂര്‍ക്ക് നീട്ടുകയായിരുന്നു. അവധിസമയങ്ങളില്‍ ഇതില്‍ യാത്രക്കാര്‍ ഏറെയുണ്ടായിരുന്നു. കണ്ണൂരില്‍നിന്ന് 310 കിലോമീറ്റര്‍ ദൂരമുള്ള ബൈന്ദൂരേക്ക് 60 രൂപ മാത്രമാണ് ടിക്കറ്റ് നിരക്ക്. രാവിലെ 4.15 ന് യാത്ര തിരിക്കുന്ന തീവണ്ടി 11.50നാണ് ബൈന്ദൂര്‍ എത്തിച്ചേരുന്നത്. തിരിച്ച് 1.05ന് പുറപ്പെട്ട് 8.55 ന് കണ്ണൂര്‍ എത്തിച്ചേരുന്ന രീതിയിലായിരുന്നു തീവണ്ടി സമയം ക്രമീകരിച്ചിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.