ഇവിടെ ഉദ്ഘാടനം... അവിടെ സത്യാഗ്രഹം

Saturday 13 May 2017 9:28 pm IST

തൃശൂര്‍: ഇടത് എംപിയും സംസ്ഥാന മന്ത്രിയും റെയില്‍വെയുടെ നേട്ടം സ്വന്തം പേരിലാക്കാന്‍ ഉദ്ഘാടന മാമാങ്കം നടത്തുമ്പോള്‍ മറ്റൊരു ഇടത് എംപി റെയില്‍വെ അവഗണിക്കുകയാണെന്ന് പറഞ്ഞ് സത്യാഗ്രഹത്തില്‍. ജില്ലയില്‍ തന്നെയാണ് രണ്ടുപരിപാടികളും അരങ്ങേറിയത്. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം കേരളത്തിലെ റെയില്‍വെ സ്റ്റേഷനുകളുടെ മുഖഛായമാറ്റാന്‍ വിവിധ പദ്ധതികള്‍ നടപ്പാക്കിയിരുന്നു. തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ആരംഭിച്ച എസി വിശ്രമമുറി, പുതുതായി സ്ഥാപിച്ച എസ്‌കലേറ്റര്‍ എന്നിവയെല്ലാം ഇന്നലെ ഉദ്ഘാടനം ചെയ്തു. മന്ത്രി വി.എസ്.സുനില്‍കുമാര്‍, എംപി സി.എന്‍.ജയദേവന്‍ എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. സംസ്ഥാനത്ത് റെയില്‍വെ വികസനത്തിന്റെ പാതയിലാണെന്നും ഇരുവരും ചൂണ്ടിക്കാട്ടി. തൃശൂരില്‍ ഇവയുടെ ഉദ്ഘാടനം നടക്കുമ്പോള്‍ ചാലക്കുടി എംപി ഇന്നസെന്റ് റെയില്‍വെ അവഗണിക്കുകയാണെന്ന് പറഞ്ഞ് സത്യാഗ്രഹം നടത്തുകയായിരുന്നു. റെയില്‍വെ മന്ത്രിയെ നേരില്‍കണ്ട് ബോധിപ്പിച്ചിട്ടും ഒന്നും നടന്നില്ലെന്ന് ഇന്നസെന്റ് പറഞ്ഞു. പാലരുവി ട്രെയിന് ചാലക്കുടിയില്‍ സ്റ്റോപ്പ് അനുവദിച്ചില്ല. അതേസമയം സ്വന്തം വീഴ്ച മറച്ചുവെക്കാനാണ് ഇന്നസെന്റ് കേന്ദ്രത്തെ കുറ്റപ്പെടുത്തി സത്യാഗ്രഹം തുടങ്ങിയതെന്ന് ബിജെപി ചാലക്കുടി മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടിയ തുകയാണ് കഴിഞ്ഞബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. ആലത്തൂരിലെ ഇടത് എംപിയായ പി.കെ.ബിജു കഴിഞ്ഞദിവസം പാലരുവിക്ക് സ്റ്റോപ്പ് അനുവദിക്കാന്‍ റെയില്‍വെ മന്ത്രാലയം തീരുമാനിച്ചുവെന്നും മന്ത്രി അനുഭാവപൂര്‍ണമായ നിലപാടാണ് തീരുമാനിച്ചതെന്നും പത്രക്കുറിപ്പും നല്‍കിയിരുന്നു. ഇതിനിടയിലാണ് ഇന്നസെന്റിന്റെ വിചിത്രമായ സമരം. ഇടത് എംപിമാരും മന്ത്രിമാരും ഒന്നടങ്കം റെയില്‍വെ വികസനത്തെ പുകഴ്ത്തുമ്പോള്‍ ഇന്നസെന്റ്മാത്രം സമരം നടത്തുന്നത് കൗതുകമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.