തിരുവില്വാമല: പ്രസിദ്ധമായ പറക്കോട്ടുകാവ് താലപ്പൊലി ഇന്ന്. ഉത്സവത്തിലെ പങ്കാളികളായ മൂന്ന് ദേശക്കാരുടെ എഴുന്നള്ളിപ്പുകള്‍ രാവിലെ ഒമ്പതരയോടെ ആരംഭിക്കും. പടിഞ്ഞാറ്റുമുറി ദേശത്തിന്റെ എഴുന്നള്ളിപ്പാണ് ആദ്യം തുടങ്ങുക. പഞ്ചവാദ്യം, പൂതന്‍തിറ, വെള്ളാട്ട്, കരിവേഷങ്ങള്‍ തുടങ്ങിയവ അകമ്പടിയാകും. കിഴക്കുമുറിദേശത്തിന്റെ ഗജഘോഷയാത്ര മല്ലിച്ചിറ അയ്യപ്പന്‍കാവില്‍ നിന്നാരംഭിച്ച് താലപ്പൊലി പാറയിലേക്ക് നീങ്ങും.
പഞ്ചവാദ്യവും നാടന്‍ കലാരൂപങ്ങളും അകമ്പടിയാകും. പാമ്പാടി ദേശത്തിന്റെ എഴുന്നള്ളിപ്പ് മന്ദംക്ഷേത്രത്തില് നിന്നാരംഭിച്ച് വില്വാദ്രിനാഥക്ഷേത്രത്തിന്റെ വടക്കെനടവഴി താലപ്പൊലി പാറയിലെത്തും. പൂതന്‍, തിറ, വെള്ളാട്ട് തുടങ്ങിയവ അകമ്പടിയാകും. ദേശങ്ങളുടെ പകല്‍പ്പൂരം താലപ്പൊലിപ്പാറയില്‍ എത്തുന്നതോടെ കൂട്ടിഎഴുന്നള്ളിപ്പ് നടക്കും. മൂന്ന് ദേശങ്ങളും ഒരുമിച്ച് അണിനിരക്കുന്നതോടെ മേളവും കുടമാറ്റവും നടക്കും.
ഇന്നലെ കൊച്ചുപറക്കോട്ടുകാവില്‍ പടിഞ്ഞാറ്റുമുറി ദേശം സമൂഹപറവെപ്പ് നടത്തി. താലപ്പൊലി ഒരുകോടി രൂപക്ക് ഇന്‍ഷൂര്‍ ചെയ്തിട്ടുണ്ട്. എഴുന്നള്ളിപ്പ്, വെടിക്കെട്ട് എന്നിവക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: