ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ഉത്സവത്തിന്റെ എട്ടാം ദിവസമായ ഇന്ന് വലിയവിളക്ക് നടക്കും. പ്രസിദ്ധമായ ശ്രീരാമ പട്ടാഭിഷേകം കഥകളിയും ഇന്ന് അരങ്ങേറും. വലിയവിളക്കുദിവസമായ ഇന്ന് രാവിലെ ശിവേലിക്ക് പെരുവനം സതീശന്മാരാര് മേളപ്രമാണം വഹിക്കും. രാത്രി വിളക്കിന് പെരുവനം കുട്ടന്മാരാര് പ്രമാണം വഹിക്കും.
കൂടാതെ പ്രശസ്തരായ മേളകലാകാരന്മാരും പഞ്ചാരിമേളത്തില്‍ പങ്കെടുക്കും. വലിയവിളക്കുനാള് പഞ്ചാരിമേളത്തിന്റെ സമയദൈര്‍ഘ്യം കൂടുതലായിരിക്കും.
ക്ഷേത്രം പുറത്തും അകത്തും ദീപാലങ്കാരമായിരിക്കും. ഇന്ന് വൈകീട്ട് 6 ന് കിഴക്കേ നടയില്‍വച്ച് തിരുവമ്പാടി ശിവസുന്ദറിന് ശ്രീ കൂടല്‍മാണിക്യം പുരസ്കാരമായ ഗജരാജ മാണിക്യം പട്ടം നല്‍കും.
ദേവസ്വം ചെയര്മാന് പനമ്പിള്ളി രാഘവമേനോന്റെ അദ്ധ്യക്ഷതയില്‍ വി.ഡി.സതീശന് എം.എല്‍.എ പുരസ്കാരം സമര്‍പ്പിക്കും.
ചടങ്ങില്‍ പത്മശ്രീ സുന്ദര്മേനോന്, പെരുവനം കുട്ടന്മാരാര്, പ്രൊഫ. എം. മാധവന്‍കുട്ടി എന്നിവരെ ആദരിക്കും. മാടമ്പ് കുഞ്ഞിക്കുട്ടന്‍, തിരകഥാകൃത്ത് ശ്രീകുമാര്‍ അരൂക്കുറ്റി എന്നിവര്‍ ആശംസകള്‍ നേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: