തിരുവനന്തപുരം: എന്‍എസ്എസും ലീഗും തമ്മിലുളള തര്‍ക്കം താല്‍ക്കാലികമാണെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. ലീഗ് എല്ലാവരുമായും നല്ല ബന്ധം നിലനിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍എസ്എസുമായി ലീഗിന് ദൃഢവും ശാശ്വതവുമായ ബന്ധമാണ് ഉള്ളത്. വിദ്യാഭ്യാസ രംഗത്തുള്‍പ്പെടെ എന്‍എസ്എസ് ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയാറാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്‍എസ്എസിന്റെ ഒത്താശയോടെയാണ് ഒ. രാജഗോപാല്‍ നെയ്യാറ്റിന്‍കരയില്‍ ബിജെപി സ്ഥാനാര്‍ഥിയായതെന്ന് ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
മജീദിന്റെ ആരോപണം തള്ളിക്കളഞ്ഞ് മറുപടിയുമായി എന്‍എസ്എസും രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടിയോട് മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ആരാഞ്ഞത്. വിദ്യാഭ്യാസമന്ത്രിയ്ക്കെതിരായ കെ.എസ്.യുക്കാരുടെ സമരം തമാശയാണ്. ടി.വി ചാനലുകളില്‍ മുഖം കാണിക്കാനുള്ള പരിപാടിയായി മാത്രം അതിനെ കണ്ടാല്‍ മതിയെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: