റോഡ് വികസനം; 800 കോടിയുടെ ലോകബാങ്ക് സഹായം നഷ്ടപ്പെടും

Saturday 13 May 2017 9:55 pm IST

കോട്ടയം: സംസ്ഥാനത്ത് നടപ്പാക്കുന്ന പുതിയ റോഡ് വികസന പദ്ധതികള്‍ക്കുള്ള ലോകബാങ്കിന്റെ സാമ്പത്തികസഹായം നിലയ്ക്കുന്ന അവസ്ഥയില്‍. ലോകബാങ്ക് സഹായത്തോടെയുള്ള കെഎസ്ടിപി രണ്ടാംഘട്ട റോഡ് വികസന പദ്ധതിയുടെ മെല്ലപ്പോക്കിലും കെടുകാര്യസ്ഥതയിലും അഴിമതി ആരോപണങ്ങളിലും ലോകബാങ്ക് പ്രതിനിധികള്‍ കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്. കെഎസ്ടിപി പദ്ധതിയുടെ നടത്തിപ്പ് 2018 ഡിസംബറില്‍ പൂര്‍ത്തിയാക്കേണ്ടതാണ്. സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തിയാക്കാത്തതിനാല്‍ 800 കോടി രൂപ സഹായം നഷ്ടപ്പെടുന്ന അവസ്ഥയിലാണ്. 2013ലാണ് ആണ് കെഎസ്ടിപി രണ്ടാംഘട്ട റോഡ് വികസനം തുടങ്ങിയത്. ചെലവ് 2500 കോടി രൂപയോളം രൂപ. 1400 കോടി രൂപ ലോകബാങ്കില്‍ നിന്നുള്ള സഹായം. 367 കിലോമീറ്റര്‍ വരുന്ന ആറ് സംസ്ഥാന പാതകള്‍ ലോക നിലവാരത്തില്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യം. മെല്ലപ്പോക്ക് മാത്രമല്ല അഴിമതി ആരോപണങ്ങളുമുണ്ടായി. കരാറുകാരെ ചില ഉദ്യോഗസ്ഥര്‍ വഴിവിട്ട് സഹായിച്ചെന്ന പരാതികളും വന്നു. പലതും വിജിലന്‍സ് അന്വേഷണത്തിലാണ്. വിലയിരുത്താന്‍ എത്തിയ ലോക ബാങ്ക് സംഘവും അതൃപ്തി രേഖപ്പെടുത്തിയിരുന്നു. എഴുപതു ശതമാനം പുരോഗതി കൈവരിക്കാത്തതിനാല്‍ 220 കോടിയുടെ സഹായം നിര്‍ത്തലാക്കാന്‍ ലോക ബാങ്ക് തീരുമാനിച്ചതായും സൂചനയുണ്ട്. കെഎസ്ടിപിയുടെ രണ്ടാം ഘട്ട വികസനത്തില്‍ വരുന്ന ചെങ്ങന്നൂര്‍-ഏറ്റുമാനൂര്‍-മൂവാറ്റുപുഴ റോഡിന്റെ നിര്‍മ്മാണം നിശ്ചിത സമയത്തിനുള്ളില്‍ തീര്‍ക്കാന്‍ കെഎസ്ടിപി ശ്രമി്ക്കുകയാണ്. എം.സി റോഡില്‍ കുമാരനല്ലൂരില്‍ നിര്‍മ്മിച്ച പാലത്തില്‍ വിള്ളല്‍ ഉണ്ടായതിനെത്തുടര്‍ന്ന് ബലപരിശോധന നടത്തി. ലോക ബാങ്ക് ചുമതലപ്പെടുത്തിയ കണ്‍സള്‍ട്ടന്‍സി നടത്തിയ പരിശോധനാ റിപ്പോര്‍ട്ട് അനുകൂലമാണെങ്കില്‍ മാത്രമേ ഇനി സഹായം ലഭിക്കൂ. ചെങ്ങന്നൂര്‍ - ഇറപ്പുഴ പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണം തടസ്സപ്പെട്ടിരിക്കുകയാണ്. ചെങ്ങന്നൂര്‍-മൂവാറ്റുപുഴ ഭാഗം പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷമെടുക്കുമെന്നാണ് സൂചന. നവംബറില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കെഎസ്ടിപി അധികൃതര്‍ അവകാശപ്പെടുന്നത്. പുനലൂര്‍-മൂവാറ്റുപുഴ റോഡ് നിര്‍മ്മാണത്തിന് അനുവദിച്ചതിലും കൂടുതല്‍ പാറ പൊട്ടിച്ച് നീക്കിയതായും ആരോപണമുണ്ടായി. ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം തുടരുകയാണ്. ഈ റോഡില്‍ പാലാ-പൊന്‍കുന്നം ഭാഗത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. ബാക്കി ഭാഗങ്ങള്‍ വിവിധ ഘട്ടങ്ങളിലാണ്. 2020-ല്‍ മാത്രമേ പദ്ധതി പൂര്‍ത്തിയാവുകയുള്ളുവെന്നാണ് കെഎസ്ടിപി പറയുന്നത്. കാസര്‍കോട്-കാഞ്ഞങ്ങാട് റോഡിന്റെ നിര്‍മ്മാണം 25 ശതമാനമാണ് പൂര്‍ത്തിയായത്. പിലാത്തറ-പാപ്പിനിശ്ശേരി ഭാഗം പൂര്‍ത്തിയാക്കാനുള്ള സമയപരിധി നാലു തവണ നീട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.