കൊച്ചി മെട്രോ: ട്രെയിന്‍ ഓടിക്കാന്‍ പെണ്ണുങ്ങള്‍ 7

Sunday 14 May 2017 5:03 pm IST

കൊച്ചി: കൊച്ചിയുടെ ആകാശ പാതയില്‍ മെട്രോ ട്രെയിന്‍ കുതിച്ചു പായുമ്പോള്‍ നിയന്ത്രണം പെണ്‍ കരങ്ങളില്‍. മെട്രോ ട്രെയിന്‍ ഓടിക്കാനായി ഏഴ് വനിതാ ഡ്രൈവര്‍മാരെയാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) തിരഞ്ഞെടുത്തിട്ടുള്ളത്. എല്ലാവരും മലയാളികള്‍. ബംഗളൂരു മെട്രോ ട്രെയിന്‍ ഓടിക്കുന്നവരില്‍ നിന്ന് പ്രത്യേക പരിശീലനം നേടിയവര്‍ക്കാണ് നിയമനം. മെട്രോയുടെ ട്രയല്‍ റണ്ണിനും വനിതാ ഡ്രൈവര്‍മാര്‍ സജീവമായുണ്ട്. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള ആദ്യഘട്ടയാത്രയ്ക്കാണ് ഏഴുവനിതകള്‍ ഡ്രൈവര്‍മാരായുള്ളത്. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ വനിതാ ഡ്രൈവര്‍മാരെത്തിയേക്കും. 39 ഡ്രൈവര്‍മാരാണ് മെട്രോ ട്രെയിന്‍ ഓടിക്കാനുള്ളത്. ബാക്കിയുള്ളവരെല്ലാം പുരുഷന്‍മാരാണ്. ട്രെയിന്‍ ഡ്രൈവര്‍ തസ്തികയിലേക്ക് ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷനില്‍ ഡിപ്ലോമയാണ് യോഗ്യത നിശ്ചയിച്ചിരുന്നത്. എന്നാല്‍ ബി.ടെക് യോഗ്യതയുള്ളവരും ഡ്രൈവര്‍മാരായുണ്ട്. സാധാരണ തീവണിയില്‍ ലോക്കോ പൈലറ്റാണെങ്കില്‍, മെട്രോയില്‍ ട്രെയിന്‍ ഡ്രൈവറാണ്്. പല സംസ്ഥാനങ്ങളും മെട്രോ സര്‍വീസ് തുടങ്ങിക്കൊണ്ടിരിക്കുമ്പോള്‍, സ്വകാര്യസ്ഥാപനങ്ങള്‍ മെട്രോ ട്രെയിന്‍ ഡ്രൈവര്‍ പരിശീലന ക്ലാസുമായി രംഗത്തുവരുന്നുണ്ട്. എന്നാല്‍ ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനുമായി ബന്ധപ്പെട്ട് പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാത്രമേ മെട്രോയില്‍ ജോലി ലഭിക്കൂ. നിലവില്‍ ട്രെയിന്‍ ഡ്രൈവര്‍ക്ക് പുറമെ ആദ്യഘട്ടത്തിലുള്ള സര്‍വീസിനായി 650 ഓളം സാങ്കേതിക വിദഗ്ധരാണ് മെട്രോ നിയന്ത്രിക്കാനുള്ളത്. സിഗ്നല്‍ സംവിധാനം നിയന്ത്രിക്കാനുള്‍പ്പെടെയുള്ളവര്‍ പ്രത്യേക പരിശീലനം നേടിയവരാണ്. എന്നാല്‍, സുരക്ഷയ്്ക്കായി പോലീസിനൊപ്പം കുടുംബശ്രീ പ്രവര്‍ത്തകരെയും നിയമിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.