രോഗങ്ങളില്‍ നട്ടംതിരിഞ്ഞ് ജനങ്ങള്‍

Saturday 13 May 2017 10:12 pm IST

കോട്ടയം: കുടിവെള്ളക്ഷാമം രൂക്ഷമാവുകയും മാലിന്യനീക്കങ്ങള്‍ സുഗമമായ നിലയില്‍ നടപ്പിലാക്കുന്നതില്‍ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്ന വീഴ്ചയും ജനങ്ങളെ രോഗങ്ങളിലേക്ക് തള്ളിവിട്ടുതുടങ്ങി. രോഗങ്ങള്‍ പരത്തുന്ന കൊതുകുകള്‍ നഗര-ഗ്രാമ വ്യത്യാസമില്ലാതെ പെരുകുകയാണ്. കൊതുക് നശീകരണം പ്രസ്താവനകളില്‍ മാത്രം ഒതുങ്ങുന്നു. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെല്ലാം വിവിധതരത്തിലുള്ള രോഗങ്ങള്‍ പിടിപെട്ട രോഗികളുടെ നീണ്ടനിരയാണ് കാണപ്പെടുന്നത്. വൈറല്‍പ്പനിയാണ് വ്യാപകമായിരിക്കുന്നത്. മാലിന്യക്കൂമ്പാരങ്ങള്‍ യഥാസമയം നീക്കംചെയ്യുന്നതില്‍ നടപടി ഇല്ലാതെ വന്നതോടെ കൊതുകുകളുടെ വ്യാപനവും വര്‍ദ്ധിച്ചിരിക്കുകയാണ്. കോട്ടയം ജില്ലയില്‍ കൊതുകുകള്‍ പടര്‍ത്തുന്ന വൈറല്‍പ്പനി പിടിപെട്ടവരുടെ എണ്ണം ഏതാണ്ട് അയ്യായിരത്തിന് മേലാണ്. വൈറല്‍, ഹെപ്പറ്റെറ്റിക്‌സ് എ, ബി ബാധിച്ചവരുടെ എണ്ണത്തിലും ഇത്തവണ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇന്നലെ മാത്രം പനിബാധിച്ച് വിവധ ആശുപത്രികളില്‍ എത്തിച്ചേര്‍ന്നത് 1135പേരാണ്. ചിക്കന്‍പോക്‌സായിട്ട് 14പേരാണ്. കടുത്തചൂടും ഇതിനൊപ്പംതന്നെ പെയ്യുന്ന വേനല്‍മഴയും വിവിധതരത്തിലുള്ള രോഗങ്ങള്‍ക്ക് വഴിയൊരുക്കുന്നുണ്ട്. പ്രധാനപ്പെട്ട സര്‍ക്കാര്‍ ആശുപത്രികളില്‍ പനിവാര്‍ഡ് സജ്ജമാക്കേണ്ടിവരുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന വഴിയോര ഭക്ഷണകേന്ദ്രങ്ങളാണ് ഇത്തരം രോഗം വ്യാപിക്കാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അനുമതികള്‍ ഒന്നുംഇല്ലാതെ വഴിയോരങ്ങളില്‍ ശീതളപാനീയ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരവധിയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.