ചില വീട്ടുകാര്യങ്ങള്‍

Monday 15 May 2017 4:50 pm IST

വീടില്ലാത്തവര്‍ രണ്ടു ലക്ഷത്തോളമാണെന്ന സര്‍ക്കാര്‍ കണക്കുമായി മന്ത്രി കടകംപളളി സുരേന്ദ്രന്‍. വീടില്ലാത്തവര്‍ക്കു വീടില്ലെന്ന ദുഖം. വീടുള്ള ചിലര്‍ക്ക് സ്വന്തം വീട്ടില്‍ താമസിക്കാനാവില്ലെന്ന വിഷമം. വീട് ജീവിതംപോലെ തന്നെ വേദനകളുടേയും ആഹ്‌ളാദത്തിന്റെയും കൂടാരമാണ്. ചിലര്‍ നാട്ടിലെ വീട് പൂട്ടിയിട്ട് ജോലി സ്ഥലത്തിനടുത്ത് കുടുംബ സമേതം വാടകയ്‌ക്കോ പണയത്തിനോ ക്വാര്‍ട്ടേഴ്‌സിലോ താമസിക്കുന്നു. നാട്ടിലെ വീട് വാടകയ്ക്കു കൊടുക്കുന്നവരും ഉണ്ടാകാം. ചിലര്‍ വീട്ടുകാരെ നാട്ടില്‍ താമസിപ്പിച്ച് അവധിക്കു പോകും. വീട്ടുകാര്‍ക്കു ഒപ്പം കൂടി ആഘോഷിക്കാന്‍ ഓണമോ വിഷുവോ ക്രിസ്തുമസോ ഈസ്റ്ററോ റംസാനോ ഒക്കെ വരണം. ഉള്ളവീട് വിറ്റ് സമ്പാദ്യമാക്കുന്നവരുമുണ്ട്. പെന്‍ഷന്‍ ആകുമ്പോഴായിരിക്കാം ചിലര്‍ക്കു വീടെന്ന സ്വപ്‌നം പൂവണിയുക. എന്തായാലും വീടിനെ ചുറ്റിപ്പറ്റിയുള്ള കഥ തീരില്ല പറഞ്ഞാല്‍. കേരളത്തില്‍ തന്നെ പണയക്കാരുടേയും വാടകക്കാരുടേയും തിക്കും തിരക്കും കൂടുതല്‍ കൊച്ചിയില്‍ തന്നെ. എന്നാലും മനസിനിണങ്ങിയ ഒരുവീട് അകലെ തന്നെ. കിട്ടുന്നത് സൗകര്യമെന്നും നല്ലതെന്നും അങ്ങു വിചാരിച്ചേക്കണം. അതു തന്നെ കിട്ടാന്‍ പാടുപെടണം. പതിനായിരത്തില്‍ കുറഞ്ഞു വാടകയില്ല. പണയത്തിനു പത്തു ലക്ഷം കൊടുക്കണം. അതില്‍ കുറഞ്ഞു കിട്ടിയേക്കാം. ഉള്ളിലേക്കു പോകേണ്ടി വരും. ഇനി കൊച്ചിയില്‍ ഒരു സ്വന്തംവീട്,അതും എറണാകുളം നഗരത്തില്‍ തന്നെ വേണമെന്നാണു മോഹമെങ്കില്‍ പെട്ടെന്നു നടക്കാന്‍ സാധ്യതയില്ലാത്ത കാരണങ്ങളാണ് അധികവും. കൊള്ളപ്പിടിച്ച വിലയൊന്ന്. ലക്ഷങ്ങള്‍ മാത്രമല്ല കണ്ണായതിന് കോടിക്കടുത്തു തന്നെ സെന്റിനു കൊടുക്കേണ്ടിവരും. വില കുറഞ്ഞു കച്ചവടം ഒന്നും നടക്കുന്നില്ല എന്നൊക്കെ പറയുമ്പോഴും വില അത്രയ്ക്കങ്ങു കൂടിയിട്ടില്ലെന്നതും കുറച്ചൊക്കെ താണുവെന്നതും നേര്. എന്നാലും നഗര ഹൃദയത്തില്‍ ഒരിഞ്ചു സ്ഥലം വേണ്ടേ. ഉണ്ടായാലും ആരെക്കൊണ്ടാകും വാങ്ങാന്‍. ഫ്‌ളാറ്റുകള്‍ പലതും ഒഴിഞ്ഞു കിടക്കുകയാണ്. അത്തരം നൂറുകണക്കിനു വരും. പഴയ വിലയില്‍ നിന്നും മുപ്പതും നാല്‍പ്പതും ശതമാനംവരെ വില താഴ്ത്തിയിട്ടും ആര്‍ക്കും വേണ്ട. പഴയപോലെ തരികിടയൊന്നും പറ്റില്ല. എല്ലാത്തിനും കണക്കുവേണം. എന്നിട്ടും ബ്രോക്കര്‍മാര്‍ക്കൊന്നും കുറവില്ല, അവരുടെ കമ്മീഷനും കുറവില്ല. വാങ്ങുന്നവനും വില്‍ക്കുന്നവനുമിടയില്‍ വെറുതെ നിന്ന് വന്‍മീന്‍ പിടിക്കുന്നത് ബ്രോക്കര്‍മാരാണ്. ബ്രോക്കര്‍മാരാണ് എല്ലാം നിശ്ചയിക്കുന്നത്. വലിയ വിഷമം വാടകയ്ക്കും പണയത്തിനും വര്‍ഷന്തോറും വീടു മാറുന്നവരുടെ കാര്യമാണ്. പതിനൊന്നു മാസം തികയും മുന്‍പു തന്നെ പുതിയ വീടിനായി നെട്ടോട്ടത്തിലായിരിക്കും. ചിലപ്പോള്‍ സ്‌ക്കൂള്‍ തുറക്കുന്നവേളയിലാവും മാറ്റം പിന്നെ പറയണ്ട. സൗകര്യവും സംതൃപ്തിയുമൊക്കെ ഭാവനയില്‍ കണ്ടാല്‍ മതി. എങ്ങനെയെങ്കിലും ഒരു വീടു കണ്ടെത്തുക മാത്രമാകും ലക്ഷ്യം. എന്തായാലും സ്വരച്ചേര്‍ച്ചയിലാവില്ല പഴയ വീട്ടുടമയോടു യാത്ര പറയുക. പുതിയ വീട്ടുടമ ആദ്യം സുഖിപ്പിച്ചു പറയുന്നതൊക്കെ പിന്നീടു തെറ്റുന്നതും പതിവാണ്. എന്തായാലും വീടു മാറ്റത്തിന്റെ രണ്ടാഴ്ച ശരിക്കും ശരണ കേടാണ്. ഒരാഴ്ച സാധനങ്ങളൊക്കെ കെട്ടിപ്പെറുക്കാനും മറ്റൊരാഴ്ച അതൊക്കെ പുതിയയിടത്തു ഒതുക്കാനും വേണ്ടിവരും. പത്തും ഇരുപതും തവണ ഇങ്ങനെ വീടു മാറുന്നവരുണ്ട്. ചിലര്‍ക്ക് ജീവിതാവസാനംവരെ വീടുമാറ്റത്തിന്റെ കാലമായിരിക്കും. ചിലര്‍ക്ക് സ്വന്തംവീട് സ്വപ്‌നമാണ്. ചിലര്‍ക്കാകട്ടെ സ്വന്തംവീട് താമസമെന്ന അനുഭവമില്ലാതെയും. സ്വന്തമായാലും അല്ലെങ്കിലും വീട്ടുകാര്യങ്ങള്‍ പ്രശ്‌നമാണ്. അത്തരം പ്രശ്‌നങ്ങള്‍ക്കിടയിലും അതു സുഖകരമാകുമെന്നതും സത്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.