പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നു

Sunday 14 May 2017 9:57 pm IST

കുമാരനല്ലൂര്‍: ജലവിതരണ കുഴലുകള്‍പൊട്ടി കുടിവെള്ളം പാഴാകുന്നത് ഒരുകിലോമീറ്ററിനുള്ളില്‍ മൂന്ന്സ്ഥലത്ത്. കുമാരനല്ലൂര്‍-കുടമാളൂര്‍ റോഡിലെ മേല്‍പ്പാലം ഇറങ്ങുന്നിടത്തും വലിയാലിന്‍ചുവടിന് സമീപവും തൂത്തൂട്ടികവലയിലുള്ള വളം ഗോഡൗണിന് സമീപത്തുമാണ് പൈപ്പുപൊട്ടി കുടിവെള്ളം വലിയതോതില്‍ പാഴാകുന്നത്. നഗരസഭയുടെ പരിധിയില്‍പ്പെട്ടതാണ് പ്രദേശം. കുടിവെള്ള പ്രശ്‌നം ഏറ്റവും രൂക്ഷമായ സ്ഥലങ്ങളാണ്.നഗരസഭയുടെ ടാങ്കര്‍ലോറിയില്‍ വല്ലപ്പോഴുമെത്തുന്ന കുടിവെള്ളമാണ് നൂറുകണക്കിന് വീട്ടുകാരുടെ ആശ്രയം. അതുമല്ലെങ്കില്‍ സ്വകാര്യ ഏജന്‍സിയുടെ പക്കല്‍നിന്നും വലിയവിലകൊടുത്ത് വെള്ളംവാങ്ങേണ്ടിവരുന്നു. ഈ സ്ഥിതി നിലനില്‍ക്കുമ്പോഴാണ് ജലവിതരണക്കുഴലുകള്‍ പൊട്ടി റോഡിലൂടെ വെള്ളം പരന്നൊഴുകുന്നത്. കാല്‍നടയാത്രപോലും സാദ്ധ്യമാകാത്ത തരത്തിലാണ് വെള്ളമൊഴുകുന്നത്. കുമാരനല്ലൂര്‍ ക്ഷേത്രം, കുടമാളൂര്‍ പള്ളി എന്നിവിടങ്ങളിലേക്ക് പോകുന്ന ഭക്തജനങ്ങളുടെ ദേഹത്ത് വാഹനങ്ങള്‍ ഓടുമ്പോള്‍ വെള്ളം തെറിക്കുകയും ചെയ്യുന്നു. പേരൂര്‍ പമ്പ്ഹൗസില്‍നിന്ന് പമ്പ് ചെയ്യുന്ന വെള്ളമാണ് ഈ ഭാഗത്ത് വിതരണം ചെയ്യുന്നത്. ആവശ്യമായ മര്‍ദ്ദം ഇല്ലാത്തതുമൂലം ഉയര്‍ന്നപ്രദേശങ്ങളിലുള്ള ഉപഭോക്താക്കള്‍ക്ക് വെള്ളം ലഭിക്കുന്നുമില്ല. ഇത്തരമൊരുവസ്ഥയിലാണ് പൈപ്പുകള്‍പൊട്ടി ജലം പാഴാകുന്നതും. ജലവിതരണവകുപ്പിന്റെ അനാസ്ഥമൂലം കുടിവെള്ളംപാഴാകുന്നതിനെതിരെ ജനങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധമാണ് ഉള്ളത്. ഇക്കാര്യത്തില്‍ അടിയന്തിര നടപടി ഉണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.