വിളവൂര്‍ക്കലില്‍ സിപിഎം അക്രമം ബിജെപിയുടെ ആംബുലന്‍സ് സിപിഎം തകര്‍ത്തു

Sunday 14 May 2017 10:40 pm IST

പേയാട്: വിളവൂര്‍ക്കല്‍ പഞ്ചായത്തില്‍ സിപിഎം അക്രമം. ശനിയാഴ്ച രാത്രി വിളവൂര്‍ക്കല്‍ പൊറ്റയില്‍ ഭാഗത്തെ ബിജെപി കൊടിമരങ്ങള്‍ നശിപ്പിച്ചുകൊണ്ട് സിപിഎം പ്രവര്‍ത്തകര്‍ സംഘര്‍ഷാവസ്ഥയ്ക്ക് തുടക്കം കുറിച്ചത്. വിളവൂര്‍ക്കല്‍ ഈഴക്കോട് മഹാദേവ ക്ഷേത്രത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ആംബുലന്‍സ് പുലര്‍ച്ചെ ഒന്നരയോടെ അടിച്ചുതകര്‍ത്തു. ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ സംഘമാണ് ആംബുലന്‍സിന്റെ ചില്ലുകള്‍ തകര്‍ത്തതെന്ന് സമീപവാസി പറയുന്നു. പഞ്ചായത്തില്‍ സൗജന്യ സേവനം നടത്തുന്ന ആംബുലന്‍സ് തകര്‍ത്തതില്‍ വ്യാപക പ്രതിക്ഷേധമുയര്‍ന്നിട്ടുണ്ട്. ബിജെപി ഭരിക്കുന്ന പഞ്ചായത്തില്‍ അടുത്തിടെ കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎം അവിശ്വാസം കൊണ്ടുവന്ന് ഭരണം മറിച്ചിടാന്‍ ശ്രമം നടത്തിയിരുന്നു. അവിശ്വാസം വിജയിച്ചെങ്കിലും തുടര്‍ന്നുനടന്ന നറുക്കെടുപ്പില്‍ ബിജെപിക്കായിരുന്നു ജയം. ഇതോടെ പഞ്ചായത്തില്‍ സിപിഎം അപഹാസ്യരായി. അണികള്‍ പാര്‍ട്ടി വിടുമെന്ന ഘട്ടമായപ്പോള്‍ ആസൂത്രിത അക്രമം നടത്തി ജനങ്ങളില്‍ ഭീതിപരത്തുകയാണ് സിപിഎം ലക്ഷ്യമെന്ന് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി വിളവൂര്‍ക്കല്‍ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഈഴക്കോട് നിന്ന് മലയത്തേക്ക് പ്രകടനം നടത്തി.