അവധിക്കാലം തീരാന്‍ രണ്ടാഴ്ച കൂടി; സ്‌കൂള്‍വിപണി ഉഷാറാകുന്നു

Monday 15 May 2017 3:13 pm IST

കൊട്ടാരക്കര: മധ്യവേനല്‍ അവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്ക പ്രധാന കമ്പോളങ്ങളിലെ സ്‌കൂള്‍ വിപണി ഉഷാറായി. സ്വകാര്യകമ്പനികളും വ്യാപാരികളും കടുത്ത മത്സരം നേരിടാന്‍ ആകര്‍ഷകമായ ഓഫറുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പരസ്പരമത്സരത്തോടൊപ്പം ഇവര്‍ക്ക് കണ്‍സ്യൂമര്‍ഫെഡിന്റേയും, സപ്ലൈകോയുടേയും സ്‌കൂള്‍വിപണിയോട് മത്സരിക്കണം. സപ്ലെകോയും കണ്‍സ്യൂമര്‍ ഫെഡും സപ്ലൈകോ സ്റ്റോറുകളും ത്രിവേണി സ്റ്റോറുകളും നീതി സ്റ്റാളുകളും സഹകരണ സംഘങ്ങളും വഴി സ്‌കൂള്‍ വിപണിക്കായി പ്രത്യേക ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പ്രധാന കേന്ദ്രങ്ങളില്‍ മെഗാസ്റ്റോറുകളും ആരംഭിച്ചിട്ടുണ്ട്. സ്വകാര്യമേഖലയിലെ പകല്‍കൊള്ള തടയുന്നതിനുവേണ്ടിയാണ് കണ്‍സ്യൂമര്‍ഫെഡ് ഇത്തവണ സ്‌കൂള്‍വിപണി തുടങ്ങാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇതിനേക്കാള്‍ വില താഴ്ത്തി വില്പന നടത്തി സ്‌കൂള്‍ വിപണി കൈയടക്കാനാണ് സ്വകാര്യമേഖലയുടെ നീക്കം. ഈ മത്സരം ഉപഭോക്താക്കള്‍ക്ക് ഗുണകരമായിട്ടുണ്ട്. ബുക്കുകള്‍, ബാഗ്, കുട, ഡ്രോയിംഗ് ഉപകരണങ്ങള്‍, പെന്‍സില്‍, പേന, മറ്റ് പഠനോപകരണങ്ങള്‍ എന്നിവയാണ് സ്‌കൂള്‍വിപണിയിലുള്ളത്. പ്രധാനമായും വില്‍ക്കുന്ന 160 പേജിന്റെ ബുക്കിന് കണ്‍സ്യൂമര്‍ ഫെഡ് 20 രൂപ മുതല്‍ മേലോട്ടാണ്. കോളേജ് നോട്ട്ബുക്കിന്റെ വില 32 രൂപയില്‍ തുടങ്ങും. സാധാരണക്കാരന്റെ പോക്കറ്റിലെ പണത്തിന് ഒപ്പമാണ് സര്‍ക്കാര്‍ വിപണിയിലെ നോട്ട് ബുക്കുകളുടെ വില. സ്വകാര്യമേഖല അതില്‍ താഴ്ത്തി വില്‍ക്കുന്നുണ്ട്. ബാഗുകള്‍ക്കും കുടകള്‍ക്കും സര്‍ക്കാര്‍വിപണിയിലും സ്വകാര്യമേഖലയിലും വിലകള്‍ക്ക് വലിയ വ്യത്യാസമില്ല. ഒരു കമ്പനിയുടെ ബാഗ് മാത്രമാണ് കണ്‍സ്യൂമര്‍ഫെഡിന്റെ നിയന്ത്രണത്തിലുള്ള പല ഔട്ട്‌ലെറ്റിലുമുള്ളത്. എന്നാല്‍ സ്വകാര്യമേഖലകളില്‍ പല കമ്പനികളുടെ ബാഗുകള്‍ ലഭിക്കുന്നുണ്ട്. 240 രൂപ മുതല്‍ 1000 രൂപ വരെയുള്ള ബാഗുകള്‍ വിപണയിലുണ്ട്. കുടകള്‍ക്കും ബാഗുകള്‍ക്കും കടകളില്‍ വിലക്കുറവ് കാണിക്കുന്നുണ്ടെങ്കിലും കമനീയവും ആകര്‍ഷണീയവുമായ കുടകള്‍ക്ക് വന്‍വിലയാണ് ഈടാക്കി വരുന്നത്. സപ്ലെകോയില്‍ വില്‍ക്കുന്ന നോട്ട്ബുക്കുകള്‍ക്കും കുടകള്‍ക്കും ബാഗുകള്‍ക്കും ഗുണമേന്മ ഉള്ളതാണെങ്കിലും ആകര്‍ഷണീയതയും അല്‍പം കുറവ് അനുഭവപ്പെട്ടേക്കാം. ഇതുമൂലം കുട്ടികള്‍ സ്വകാര്യമേഖലയിലേക്ക് ആകര്‍ഷിക്കപ്പെടാനാണ് സാധ്യത. രണ്ടാഴ്ചയ്ക്ക് മുമ്പ് തന്നെ സ്‌കൂള്‍ വിപണി ആരംഭിച്ചുകഴിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.