മരയ: ലാവണ്യത്തിന്റെ മയൂരനൃത്തമില്ലാതെ

Monday 15 May 2017 3:30 pm IST

എഴുത്തുകാരന്‍ നേരിട്ട് കഥയില്‍ ഇടപെടുന്ന രീതി പുതുമയല്ലെങ്കിലും ടി.പത്മനാഭന്റെ കഥകളില്‍ പൊതുവെ സാധാരണമല്ല. വികാര സാന്ദ്രമായ വാക്കുകളിലൂടെ ജീവിതത്തെ ചാരി നില്‍ക്കുന്ന ഒരു കഥ പറഞ്ഞുപോവുകയാണ് പത്മനാഭന്റെ രീതി. മരയ എന്ന പുതിയ കഥയില്‍ ഇങ്ങനെ കഥ പറഞ്ഞു പോകുന്നതിനിടയില്‍ പത്മനാഭന്‍ എന്ന കഥാകൃത്ത് കഥയില്‍ കടന്നു നില്‍ക്കുന്നുണ്ട്. എടുത്തു പറയത്തക്ക പ്രത്യേകതയൊന്നുമില്ലാത്ത മരയ പക്ഷേ, തരിശു കാഴ്ചകളില്‍ നിന്നും പച്ചപ്പിലേക്കുള്ള കാഴ്ചമാറ്റം നല്‍കുന്ന തണലും തണുപ്പുമായി ഈ കടന്നു നില്‍പ്പു മാറുന്നു. എഴുത്തുകാരന്റെ നേരിട്ടുള്ള ഇടപെടല്‍ എന്നു തോന്നിക്കുന്ന ഭാഗം വരുമ്പോഴാണ് കഥാസൗന്ദര്യത്തിന്റെ മരതക കാന്തി വെളിപ്പെടുന്നത്. ഇതു കഥയ്ക്ക് അറിയാതെ രണ്ടു ഖണ്ഡം തീര്‍ക്കുന്നു. ഒന്ന് ഭാവനകൊണ്ടുള്ള യാഥാര്‍ഥ്യം. രണ്ട് യാഥാര്‍ഥ്യത്തില്‍ തീര്‍ത്ത ഭാവന. സിസ്റ്റര്‍ മരയ കഥാകൃത്തായ പത്മനാഭനോട് പ്രകാശം പരത്തിയ പെണ്‍കുട്ടി, ഗൗരി എന്നീ കഥകളെക്കുറിച്ചു പറയുന്നു. ഇതോടെ കഥയുടെ രണ്ടാം ഭാഗമെന്നു പറയാവുന്ന ഭാഗം കൂടുതല്‍ സജീവമാകുന്നു. അല്ലെങ്കില്‍ ലൈവാകുന്നു. സിനിമയുടെ സെക്കന്റ് ഹാഫിലെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന മുന്നേറ്റമെന്നു പറയാവുന്ന പോലെ കഥയിലും മുന്നേറ്റം ഉണ്ടാകുകയാണ്. സിനിമയില്‍ കാണുംപോലെ കഥയില്‍ വായനയിലൂടെ ഈ കാഴ്ചയുണ്ടാകുന്നു. പക്ഷേ അതിനു മുന്‍പ് മരയയെ കാണുമ്പോള്‍ എവിടെയോവെച്ച് കണ്ടപോലെയെന്നു കഥാകൃത്തിനു തോന്നുന്നതും മറ്റുമുള്ള ഭൂതകാല സംഭവങ്ങള്‍ വായനക്കാരന്‍ ഊഹിക്കുന്നതുപോലെ തന്നെ. മരയയ്ക്ക് പ്രണയത്തിന്റെ ഇന്നലെകള്‍ സമ്മാനിക്കുന്നതില്‍ പുതുമ ഒട്ടുംതന്നെ അനുഭവപ്പെടുന്നില്ല. ഭാവനയും യാഥാര്‍ഥ്യവും ഇടകലര്‍ത്തുമ്പോഴും മാജിക്കല്‍ റിയലിസം എന്നു പറയാവുന്ന മാനത്തിലേക്ക് ഇത് ഉയരുന്നില്ല. കഥാകൃത്തിന്റെ ഒരു ടെക്‌നിക് എന്നു പറയാവുന്ന ഒരുതരം രീതിയായിട്ടേ കാണാനാവൂ. സങ്കീര്‍ണ്ണമോ അല്ലെങ്കില്‍ വളരെ പ്രിയപ്പെട്ടതോ ആയ ചില വികാര സന്ദര്‍ഭങ്ങളില്‍ ഒരു വാചകം പൂര്‍ത്തിയാവുന്നിടത്ത് അര്‍ദ്ധോക്തിയില്‍ വാക്ക് അപൂര്‍ണ്ണമായി അവസാനിക്കുന്നുവെന്നു തോന്നുകയും എന്നാല്‍ പൂണ്ണമായിത്തിരുന്നതുമായ എഴുത്തിലെ പത്മനാഭന്റെതു മാത്രമായ ടെക്‌നിക് പക്ഷേ ഈ കഥയില്‍ കൂടുതലായി കാണാനാവുന്നില്ല. ഒരു വാചകത്തിന്റെ മാത്രം അവസാന വാക്കിന്റെ അപൂര്‍ണ്ണതയില്‍...പൂര്‍ണ്ണതയില്‍ ഇതുകാണാം. എന്നാലും കഥയിലെ ലാവണ്യാനുഭൂതിയുടെ മയൂരനൃത്തം മരയയിലില്ല. മലയാളത്തില്‍ ഏറ്റവും സാധാരണവും ലളിതവുമായ പദങ്ങള്‍കൊണ്ട് കഥ രചിക്കുന്ന പത്മനാഭന്റെ സാഹിത്യ സമ്പ്രദായം മരയയിലും കാണാം. സാഹിത്യ വാക്കുകളുടെ അനാര്‍ഭാടം ഒഴിവാക്കിയാണ് ഈ കഥാകൃത്ത് സാഹിത്യം സൃഷ്ടിക്കുന്നത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.