പൂച്ചാക്കല്‍: ഓട്ടോതൊഴിലാളിയുടെ ചികില്‍സയ്ക്ക് സഹപ്രവര്‍ത്തകര്‍ കാരുണ്യ യാത്ര നടത്തി സ്വരൂപിച്ച തുക കൈമാറി. അരുക്കുറ്റി കൊമ്പനാമുറി കവലയിലെ ഓട്ടോതൊഴിലാളികളാണ് യാത്ര നടത്തിയത്.
അരുക്കുറ്റി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ കടേപ്പറമ്പ് സത്യവ്രതന്റെ വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താനാണ് യാത്ര സംഘടിപ്പിച്ചത്. ഓട്ടോയില്‍ കയറിയ യാത്രക്കാര്‍ തൊഴിലാളികളുടെ ഉദ്ദേശ ശുദ്ധി മനസിലാക്കി കൂലിയെക്കാള്‍ ഇരട്ടിതുക നല്കി.
ഒരു വര്‍ഷമായി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയില്‍ കഴിയുന്ന സത്യവ്രതന് ഭാര്യയും മൂന്ന് പെണ്‍കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയാണ്. വൃക്ക മാറ്റിവയ്ക്കണമെന്നാണ് ഡോക്ട്ടറന്മാര് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
25 ലക്ഷത്തോളം രൂപ ചെലവ് വരും. നാട്ടുകാര്‍ ചേര്‍ന്ന് സഹായ സമിതിയ്ക്ക് രുപം നല്‍കിയിട്ടുണ്ട്. സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് സമാഹരിച്ച തുക ജില്ലാ പഞ്ചായത്ത് അംഗം പി.എം. പ്രമോദ് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: