മലപ്പുറത്തെ വിട്ടൊഴിയാതെ ഡിഫ്തീരിയ

Monday 15 May 2017 9:35 pm IST

മലപ്പുറം: ഡിഫ്തീരിയ അഥവാ തൊണ്ടമുള്ള് മലപ്പുറത്തെ വിട്ടൊഴിയുന്നില്ല. പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്ത് നിന്ന് അപ്രത്യക്ഷമായിരുന്ന ഈ രോഗം കുറച്ച് വര്‍ഷങ്ങളായി മലപ്പുറത്തിന്റെ സമാധാനം നശിപ്പിക്കുകയാണ്. 2008 മുതല്‍ 2016 വരെ ഡിഫ്തീരിയ ബാധിച്ച് അഞ്ചുപേര്‍ ജില്ലയില്‍ മരിച്ചു. ഈ വര്‍ഷം ജനുവരി മുതല്‍ ഇതുവരെ ജില്ലയില്‍ ഡിഫ്തീരിയ സംശയിക്കുന്ന 23 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ നാലെണ്ണം സ്ഥിരീകരിച്ചു. കോറിനേ ബാക്ടീരിയം ഡിഫ്തീരിയ എന്ന ബാക്ടീരിയ ഉല്‍പാദിപ്പിക്കുന്ന ടോക്‌സിന്‍ ശരീരത്തിലെ കോശങ്ങളെയും അവയവങ്ങളെയും പ്രവര്‍ത്തനരഹിതമാക്കുന്നു. തുമ്മല്‍, സംസാരം തുടങ്ങിയവയിലൂടെയാണ് രോഗം പകരുന്നത്. ഈ ബാക്ടീരിയ ശ്വാസനാളം വഴി മൂക്കിലും തൊണ്ടയിലും എത്തുകയും തുടര്‍ന്ന് അണുബാധ ഉണ്ടായി ശരീരം മുഴുവന്‍ വ്യാപിക്കുകയും ചെയ്യുന്നു. കൃത്യമായി പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കാത്തതാണ് രോഗം പിടിമുറുക്കാന്‍ കാരണം. കുത്തിവെപ്പുകളോട് ഒരു വിഭാഗം ജനങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നത് ആരോഗ്യവകുപ്പിന് തലവേദനയായിരുന്നു. കുത്തിവെപ്പുകള്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന പ്രചാരണവും, മതവിശ്വാസത്തിന് എതിരാണെന്ന തെറ്റിദ്ധാരണയുമാണ് പലരെയും അകറ്റിനിര്‍ത്തുന്നത്. 2016ലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. അക്കാലത്ത് 25 പേര്‍ക്ക് ഡിഫ്തീരിയ സ്ഥിരീകരിക്കുകയും രണ്ടാള്‍ മരിക്കുകയും ചെയ്തു. ഇതോടെ മുമ്പ് ഉപയോഗിച്ചിരുന്ന ടി.ടി വാക്സിന്‍ മാറ്റി ടി.ഡി. ഉപയോഗിച്ചു. സ്‌കൂള്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടി കേരളത്തില്‍ ആദ്യമായി സര്‍ക്കാര്‍ മേഖലയില്‍ ടി.ഡി വാക്സിന്‍ ഉപയോഗിച്ചത് മലപ്പുറത്താണ്. ഇന്ന് 16 വയസ്സുവരെയുള്ളവരില്‍ 90.9 ശതമാനം പേര്‍ കുത്തിവെപ്പെടുത്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2015 ഒക്ടോബറില്‍ നടന്ന സര്‍വേ പ്രകാരം 16 വയസ് വരെയുള്ള കുട്ടികളില്‍ 18.79 ശതമാനം പേര്‍ പൂര്‍ണമായി കുത്തിവെപ്പ് എടുക്കാത്തവരോ ഭാഗികമായി മാത്രം എടുത്തവരോ ആയിരുന്നു. വീണ്ടും ഡിഫ്തീരിയ ഭീഷണിയാകുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ ശ്രമം. പത്ത് വയസിന് താഴെയുളളവര്‍ക്ക് ഡിഫ്തീരിയ ബാധിച്ചത് കുറവാണ്. ഇതിന് മുകളിലുളളവരും നേരത്തെ പ്രതിരോധ കുത്തിവെപ്പ് എടുക്കാതിരുന്നവര്‍ക്കുമാണ് ഡിഫ്തീരിയ കൂടുതല്‍ ബാധിച്ചത്. ഇവരെ ലക്ഷ്യമിട്ട് കുത്തിവെപ്പ് ശക്തമാക്കാനും വിവിധ മേഖലകളിലെ സംഘടനകളുമായി സഹകരിച്ച് ബോധവല്‍ക്കരണം നല്‍കാനും നടപടി ആരംഭിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.