വില്ലേജ് ഓഫീസില്‍ നിന്ന് കാണാതായ രേഖകള്‍ കന്യാസ്ത്രീ മഠത്തിന്റെ മതില്‍ക്കെട്ടിനുള്ളില്‍

Monday 15 May 2017 9:42 pm IST

ഗാന്ധിനഗര്‍ : ആര്‍പ്പൂക്കര വില്ലേജ് ഓഫീസില്‍ നിന്ന് കാണാതായ പോക്കുവരവ് രജിസ്റ്ററും, നാള്‍വഴിയും ചെക്കുബുക്കുമടങ്ങിയ രേഖകള്‍ കെട്ടാക്കി കന്യാസ്ത്രീ മഠത്തിന്റെ മതില്‍ക്കെട്ടിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞമാസമാണ് വില്ലേജ് ഓഫീസിന്റെ താഴുകള്‍ അറുത്തുമാറ്റി മോഷ്ടാക്കള്‍ അകത്തുകയറി രേഖകള്‍ മോഷ്ടിച്ചത്. പോലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തുകയും അന്വേഷണം നടത്തുകയും ചെയ്തുവെങ്കിലും തുമ്പൊന്നും ലഭിച്ചിരുന്നില്ല. 13 ന് രാവിലെ സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു കെട്ട് കന്യാസ്ത്രീ മഠത്തിന്റെ മതില്‍കെട്ടിനുള്ളില്‍ കിടക്കുന്നുവെന്നും വില്ലേജ് ഓഫീസ് റെക്കോഡുകളാണെന്ന് സംശയിക്കുന്നു എന്നുമുള്ള സന്ദേശം ഡപ്യൂട്ടി തഹസീല്‍ദാര്‍ക്ക് ലഭിച്ചു. ഇക്കാര്യം വില്ലേജ് ഓഫീസറെ അറിയിച്ചു. എന്നാല്‍ അദ്ദേഹം അവധിയില്‍ ആയിരുന്നതിനാല്‍ ഡപ്യൂട്ടി തഹസീല്‍ദാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി തൊണ്ടിസാധനങ്ങള്‍ ഏറ്റെടുത്തു. വില്ലേജ് ഓഫീസിന്റെ പൂട്ടുതകര്‍ത്ത് അകത്തു കയറിയ മോഷ്ടാക്കള്‍ പണം ലഭിക്കാത്തതിനെ പകയില്‍ രേഖകള്‍ എടുത്തുകൊണ്ടുപോയതാകാമെന്നും വില്ലേജ് ഓഫീസര്‍ ഷൈന്‍ തോമസ് പറഞ്ഞു. നഷ്ടപ്പെട്ട രേഖകള്‍ക്ക് പകരം പുതിയ രേഖകള്‍ ഉണ്ടാക്കുകയും ചെക്ക് ലീഫുകള്‍ ബാങ്കുമായി ബന്ധപ്പെട്ട് റദ്ദാക്കുകയും ചെയ്തിരുന്നു. പോക്കുവരവ് രേഖകളും മറ്റും യഥാസമയം കമ്പ്യൂട്ടറുകളില്‍ രേഖപ്പെടുത്തിയിരുന്നതിനാല്‍ ജനങ്ങള്‍ക്ക് ഇതുമൂലം ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ല എന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.