പകര്‍ച്ചപ്പനിക്കാലമെത്തി മലയോര മേഖലയിലെ ആശുപത്രികളില്‍ സൗകര്യങ്ങളില്ല

Monday 15 May 2017 9:51 pm IST

കാഞ്ഞിരപ്പള്ളി: താലൂക്കില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഡെങ്കിപ്പനിക്കൊപ്പം വൈറല്‍പ്പനി, മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ മേഖലയുടെ പല ഭാഗങ്ങളിലും സ്ഥിരീകരിച്ചു കഴിഞ്ഞു. മഴയും കനത്ത ചൂടും മാറി വരുന്ന കാലാവസ്ഥാ വ്യതിയാനവുമാണ് പനിക്ക് കാരണമെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. മാലിന്യ സംസ്‌കരണം വേണ്ട രീതിയില്‍ നടപ്പിലാക്കാന്‍ കഴിയാത്തതിനാല്‍ കൊതുകുകള്‍ പെരുകിയത് കൊതുകുജന്യ രോഗങ്ങളുടെ വര്‍ദ്ധനവിന് കാരണമാകുമെന്ന ആശങ്കയുമുണ്ട്. മലയോര മേഖലയില്‍ വ്യാപകമായി കാണുന്ന കൈതക്കൃഷിയും കൊതുകകളുടെ വര്‍ദ്ധനവിന് കാരണമായിട്ടുണ്ട്. ഈഡിസ് ഈജിപ്റ്റി, ഈഡിസ് ആല്‍ബോപിക്റ്റസ് എന്നീ ഇനങ്ങളില്‍പ്പെട്ട കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. വീടിനകത്തും പരിസരങ്ങളിലും വെള്ളം കെട്ടി നില്‍ക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുക. ഫ്രിഡ്ജിന്റെ ഡ്രീഫ്രോസ്റ്റ് ട്രേ, കൂളര്‍, ചെടിച്ചട്ടികള്‍, വീടിന്റെ സണ്‍ഷേഡ്, ഒഴിഞ്ഞ വീപ്പകള്‍, പാത്രങ്ങള്‍, മറ്റ് ഉപയോഗ ശൂന്യമായ വസ്തുക്കള്‍, ഉണങ്ങിയ കൊക്കോക്കായുടെ തോടുകള്‍ എന്നിവയില്‍ വെള്ളം കെട്ടിക്കിടക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. റബര്‍ തോട്ടങ്ങളിലെ ചിരട്ടകള്‍ കമഴ്ത്തി വയ്ക്കുക. വെള്ളം ശേഖരിച്ചു വയ്ക്കുന്ന പാത്രങ്ങള്‍ മൂടി വയ്ക്കുകയും ചെയ്യണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ശക്തമായ പനിയും ശരീര വേദനയുമാണ് ഡെങ്കിപ്പനി ലക്ഷണങ്ങള്‍. കടുത്ത പനിയും രക്തത്തിലെ കൗണ്ട് കുറഞ്ഞു പോകുന്നതുമായി നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എരുമേലി, കാഞ്ഞിരപ്പള്ളി, മുക്കൂട്ടുതറ, ഈരാറ്റുപേട്ട. ഏന്തയാര്‍, വണ്ടന്‍പതാല്‍, കൊരട്ടി, ചേപ്പുംപാറ, പാലൂര്‍ക്കാവ്, കൂവപ്പള്ളി എന്നിവിടങ്ങളില്‍ നിന്നു രോഗം ബാധിച്ചവരാണ് ചികിത്സ തേടിയെത്തിയത്. കാഞ്ഞിരപ്പള്ളി ഒന്നാം മൈല്‍ മുഞ്ഞനാട്ട് പറമ്പിലും ഡെങ്കിപ്പനിയും വൈറല്‍ പനിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആറു പേര്‍ക്ക് ഡെങ്കിപ്പനിയും മൂന്ന് പേര്‍ക്ക് വൈറല്‍ പനിയും സ്ഥിരീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.