തിരുവനന്തപുരം: ഈവര്‍ഷത്തെ രണ്ടാം വര്‍ഷ ഹയര്‍സെക്കന്ററി സേ/ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ജൂണ്‍ ഏഴ്, എട്ട്, ഒമ്പത് തീയതികളിലും പ്രായോഗിക പരീക്ഷകള്‍ മേയ് 30, 31 തീയതികളിലും നടത്തും. മാര്‍ച്ചിലെ പരീക്ഷയ്ക്ക് ആദ്യമായി രജിസ്റ്റര്‍ ചെയ്ത് പരീക്ഷയെഴുതിയ റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് യോഗ്യത നേടാനാവാത്ത വിഷയങ്ങള്‍ക്കും പരീക്ഷ എഴുതാന്‍ കഴിയാത്ത വിഷയങ്ങള്‍ക്കും അപേക്ഷിക്കാം.
പരീക്ഷാ ഫീസ് സേ പരീക്ഷയ്ക്ക് വിഷയത്തിന് 150 രൂപ വീതവും, ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് 500 രൂപ വീതവും, പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് വിഷയത്തിന് 25 രൂപ വീതവും (മുന്‍പ് പ്രാക്ടിക്കല്‍ പരീക്ഷ എഴുതിയിട്ടില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം) സര്‍ട്ടിഫിക്കറ്റിന് 40 രൂപയും ഫീസടയ്ക്കണം.
മേയ് 22ന് മുമ്പ് ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിക്കണം. കമ്പാര്‍ട്ട്മെന്റല്‍ ആയി പരീക്ഷ എഴുതിയ വിഷയങ്ങളില്‍ ഒന്നിനൊഴികെ മറ്റു വിഷയങ്ങള്‍ക്ക് ഡി+ ഗ്രേഡോ അതിനു മുകളിലോ ലഭിച്ചിട്ടുണ്ടെങ്കില്‍ ഡി+ ലഭിക്കാത്ത വിഷയത്തിന് അപേക്ഷിക്കാം. ഈ വിഭാഗക്കാര്‍ക്ക് ഒന്നില്‍ കൂടുതല്‍ വിഷയങ്ങള്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല. പരീക്ഷയെഴുതിയ റഗുലര്‍ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും ഡി+ ഗ്രേഡോ അതിനു മുകളിലോ ലഭിച്ചിട്ടുണ്ടെങ്കില്‍ ഏതെങ്കിലും ഒരു വിഷയത്തിന് മാത്രം തങ്ങളുടെ സ്കോര്‍ മെച്ചപ്പെടുത്താന്‍ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: