വാനാക്രൈ വൈറസ് മൊബൈല്‍ ഫോണുകളെയും ബാധിക്കും

Tuesday 16 May 2017 4:22 pm IST

തിരുവനന്തപുരം: ലോക രാജ്യങ്ങളെ ഞെട്ടിച്ച് ആക്രമണം തുടരുന്ന  വാനാക്രൈ  വൈറസ് മൊബൈല്‍ ഫോണുകളെയും ബാധിക്കുമെന്ന് വിദ്ഗ്ധര്‍.  കമ്പ്യൂട്ടറുകളെ ആക്രമിച്ച വൈറസിനെ താല്‍ക്കാലികമായി തടയാന്‍ സാധിച്ചെങ്കിലും കൂടുതല്‍ ശക്തിയോടെ കമ്പ്യൂട്ടറുകളെയും മൊബൈല്‍ ഫോണിനെയും ബാധിക്കുന്ന വൈറസുകള്‍ എത്തുമെന്നാണ് സൂചന. കേരള പോലീസിന്‍റെ സാങ്കേതിക ഗവേഷണ സംഘമായ സൈബര്‍ ഡോം ആണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മൂന്നു ദിവസമായി ലോകമെങ്ങുമുള്ള സിസ്റ്റത്തില്‍ കടന്ന് ആക്രമണം നടത്തുന്ന വൈറസുകളുടെ ശക്തി കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും രൂക്ഷമായ ആക്രമണവുമായി ഇവ തിരിച്ചെത്തുമെന്നു തന്നെയാണ് സൂചന. ആദ്യ ഘട്ടത്തെക്കാള്‍ വലിയ ആക്രമണമാകും ഇനിയുണ്ടാകുക എന്നാണ് സൈബര്‍ ഡോമിന്‍െ്റ മുന്നറിയിപ്പ്. ഇപ്പോഴത്തെ ആക്രമണത്തില്‍ സിസ്റ്റത്തെ പൂര്‍ണ്ണമായും ബന്ദിയാക്കുകയാണ് ചെയ്യുന്നത്. ഒരു ഡാറ്റയും ഉപയോക്താവിന് ലഭിക്കില്ല. എന്നാല്‍ ഇനിയുണ്ടാകുന്നത് ഇതിലും വലിയ ആക്രമണമായിരിക്കും.