ഇലക്ട്രിക് വാഹന നയം ഡിസംബറില്‍

Tuesday 16 May 2017 7:41 pm IST

ന്യൂദല്‍ഹി: രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ പ്രേത്സാഹിപ്പിക്കുന്നതിനു വേണ്ടിയുള്ള ഇലക്ട്രിക് വാഹന നയം ഈ വര്‍ഷം ഡിസംബറോടെയുണ്ടാകുമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം. ഇലക്ട്രിക് വാഹന നയത്തിന്റെ രൂപരേഖ തയാറാക്കുന്നതിനു വേണ്ടി രൂപീകരിച്ച മന്ത്രിമാരുടെ അനൗദ്യോഗിക സംഘം തങ്ങളുടെ നിര്‍ദേശങ്ങള്‍ മന്ത്രിസഭാ സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്. റോഡ് ഗതാഗത- ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിക്കു പുറമേ ഇലക്ട്രിക് വാഹന നയ രൂപീകരണ സംഘത്തില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി, ഘന വ്യവസായ മന്ത്രി ആനന്ദ് ഗീഥെ, പരിസ്ഥിതി മന്ത്രി അനില്‍ ദാവെ, ഊര്‍ജ മന്ത്രി പീയുഷ് ഗോയല്‍ എന്നിവരാണ് അംഗങ്ങളായിട്ടുള്ളത്. ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ പ്രചാരം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കുന്ന നയം സര്‍ക്കാര്‍ ഡിസംബറോടെ പൂര്‍ത്തിയാക്കുമെന്നും കാറും ബസ്സും ഉള്‍പ്പടെയുള്ള ചെറുതും വലുതുമായ വാഹനങ്ങളെ നയത്തിനു കീഴില്‍ കൊണ്ടുവരുമെന്നും നിതിന്‍ ഗഡ്കരി അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങളില്‍ നിക്ഷേപം നടത്താനും അതിനു വേണ്ട അടിസ്ഥാനസൗകര്യങ്ങളെ പിന്തുണയ്ക്കുന്നതിനുമായി നിരവധി ഇന്ത്യന്‍ കമ്പനികളും താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ട്. ഇലക്ട്രിക് വാഹന ഗതാഗത സംവിധാനത്തിന്റെ ആദ്യ ഘട്ട പരീക്ഷണത്തിനുള്ള ഒരുക്കങ്ങള്‍ നാഗ്പ്പൂരില്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും അടുത്തയാഴ്ച ഇത് ഉദ്ഘാടനം ചെയ്യുമെന്നും ഗഡ്കരി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.