റോബോട്ടിക് സഹായത്തോടെ ഏഷ്യയിലെ ആദ്യ ഡിബിഎസ് ഇംപ്ലാന്റ് അമൃതയില്‍

Tuesday 16 May 2017 9:24 pm IST

കൊച്ചി: പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച 45 കാരന്‍ അമൃത ആശുപത്രിയില്‍ നടത്തിയ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡിബിഎസ്) ഇംപ്ലാന്റേഷനിലൂടെ പുതുജീവിതത്തിലേക്ക്. കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സാണ് (എയിംസ്) ഏഷ്യയില്‍ ആദ്യമായി റോബോട്ടിക് സഹായത്തോടെ ഡിബിഎസ് ഇംപ്ലാന്റേഷന്‍ നടത്തിയത്. റോസ എന്ന് വിളിക്കുന്ന റോബോട്ടാണ് കേന്ദ്ര നാഡീവ്യൂഹത്തില്‍ കടന്നുള്ള, മനുഷ്യകരങ്ങളാല്‍ അസാധ്യമായ ഈ ശസ്ത്രക്രിയ നടത്തിയത്. ഗുരുവായൂരില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന സുബെയ്‌റിന് വിറയല്‍ മൂലം ഒരു ട്രിപ് പോലും പൂര്‍ത്തിയാക്കാന്‍ സാധിക്കുമായിരുന്നില്ല. സുബെയ്‌റിന് 35 വയസുള്ളപ്പോഴാണ് പാര്‍ക്കിന്‍സണ്‍സ് ലക്ഷണങ്ങള്‍ ആദ്യമായി കണ്ടു തുടങ്ങിയത്. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് വഴിയില്‍ ഇറക്കിവിട്ട് മരുന്ന് കഴിച്ച് കാത്തുനിന്നാണ് അടുത്ത ട്രിപ്പിനു പോയിരുന്നത്. ഭാര്യയെയും രണ്ടു കുട്ടികളെയും പോറ്റാന്‍ സുബെയ്‌റിന് മറ്റ് മാര്‍ഗമൊന്നുമില്ലായിരുന്നു. അമൃത ആശുപത്രിയിലെ ന്യൂറോസര്‍ജറി വിഭാഗത്തില്‍ ക്ലിനിക്കല്‍ പ്രൊഫസറായ അശോക് പിള്ളയുടെ നേതൃത്വത്തിലുള്ള നാഴികകല്ലായി മാറിയ ശസ്ത്രക്രിയയ്ക്കു ശേഷം സുബെയ്‌റില്‍ രോഗ ലക്ഷണങ്ങള്‍ അപ്രത്യക്ഷമാകുകയും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനും സാധിച്ചു. രോഗിയുടെ മോശം സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് സൗജന്യമായാണ് അമൃത ആശുപത്രി ശസ്ത്രക്രിയ നടത്തിയത്. ചികില്‍സിക്കാന്‍ ബുദ്ധിമുട്ടുള്ള പാര്‍ക്കിന്‍സണ്‍സ്, അപസ്മാരം, ചലന വൈകല്യങ്ങള്‍, വിട്ടുമാറാത്ത വേദന, വിഷാദം, മാനസിക രോഗം തുടങ്ങിയവയ്ക്കു ഡിബിഎസ് മികച്ച ഫലം നല്‍കിയിട്ടുണ്ടെന്ന് ഡോ. അശോക് പിള്ള പറഞ്ഞു. തലയോട്ടിയിലെ ജിപിഎസ് സിസ്റ്റം എന്നറിയപ്പെടുന്ന റോസ റോബോട്ടിക് സാങ്കേതിക വിദ്യയിലൂടെ ന്യൂറോ സ്റ്റിമുലേറ്റര്‍ അതിസൂക്ഷമമായി ഇംപ്ലാന്റ് ചെയ്യുന്നുവെന്നും സുബെയ്‌റിന്റെ കേസിലൂടെ ഏഷ്യയില്‍ ആദ്യമായാണ് ഇത് ഉപയോഗിക്കുന്നതെന്നും അദേഹം പറഞ്ഞു. ജീവിതത്തെകുറിച്ചുള്ള എല്ലാ പ്രതീക്ഷകളും അസ്തമിച്ചെന്ന് കരുതിയിരുന്ന സുബെയ്ര്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.