സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ്‌ രൂപീകരണം; വിഎസ്‌ പക്ഷം ആധിപത്യം ഉറപ്പിച്ചു

Wednesday 27 June 2012 9:58 pm IST

കൊച്ചി: വി എസ്‌ വിഭാഗത്തിന്റെ ആധിപത്യം നിലനിര്‍ത്തി സി പി എം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ്‌ രൂപീകരിച്ചു. പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കപ്പെട്ട ഗോപി കോട്ടമുറിക്കല്‍, കെ എ ചാക്കോച്ചന്‍, ജില്ലാ കമ്മിറ്റിയില്‍ നിന്ന്‌ തരംതാഴ്ത്തപ്പെട്ട പി എസ്‌ മോഹനന്‍ എന്നിവര്‍ക്ക്‌ പകരം സി കെ മണിശങ്കര്‍, സി ബി ദേവദര്‍ശനന്‍, പി ആര്‍ മുരളീധരന്‍ എന്നിവര്‍ ജില്ലാ സെക്രട്ടേറിയറ്റിലെത്തി. മണിശങ്കര്‍ ഔദ്യോഗിക ചേരിക്കാരനും മറ്റ്‌ രണ്ടു പേര്‍ വി എസ്‌ അനുഭാവികളുമാണ്‌. അച്ചടക്ക നടപടിയുടെ ഭാഗമായി ശാസനക്കും താക്കീതിനും വിധേയരായ എം പി പത്രോസ്‌, ടി കെ മോഹനന്‍ എന്നിവരെ സെക്രട്ടേറിയറ്റില്‍ നിലനിര്‍ത്തി. ജില്ലാ സെക്രട്ടറി എം വി ഗോവിന്ദന്‍ അവതരിപ്പിച്ച സമവായ പാനല്‍ ജില്ലാ കമ്മിറ്റി ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു.
11 അംഗ ജില്ലാ സെക്രട്ടേറിയറ്റില്‍ എട്ട്‌ പേര്‍ വി എസ്‌ പക്ഷക്കാരാണ്‌. സെക്രട്ടറി എം വി ഗോവിന്ദന്‍ , കൊച്ചി നഗരസഭാ പ്രതിപക്ഷ നേതാവ്‌ കെ ജെ ജേക്കബ്‌, പുതുതായി തിരഞ്ഞെടുക്കപ്പെട്ട സി കെ മണിശങ്കര്‍ എന്നിവരാണ്‌ സെക്രട്ടേറിയറ്റിലെ ഔദ്യോഗിക പക്ഷക്കാര്‍. മറുവശത്ത്‌ സി വി ഔസേഫ്‌, പി എം ഇസ്മായില്‍, എം ബി സ്യമന്തഭദ്രന്‍, വി പി ശശീന്ദ്രന്‍, എം പി പത്രോസ്‌, ടി കെ മോഹനന്‍, പി ആര്‍ മുരളീധരന്‍,സി ബി ദേവദര്‍ശനന്‍ എന്നിവരാണുള്ളത്‌. അച്ചടക്ക നടപടിക്ക്‌ വിധേയരായി പുറത്തു പോയ മൂന്ന്‌ പേര്‍ക്ക്‌ പകരം ജില്ലാ കമ്മിറ്റിയിലേക്ക്‌ ആരെയും തിരഞ്ഞെടുത്തിട്ടില്ല.
ഇന്നലെ രാവിലെ 11ന്‌ ആരംഭിച്ച ജില്ലാ കമ്മിറ്റി യോഗത്തില്‍സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഗോപി കോട്ടമുറിക്കലിനും നാലു ജില്ലാ കമ്മിറ്റിയംഗങ്ങള്‍ക്കും മൂന്ന്‌ ഓഫീസ്‌ സ്റ്റാഫിനുമെതിരായ നടപടി റിപ്പോര്‍ട്ട്‌ ചെയ്തു. തുടര്‍ന്നാണ്‌ ജില്ലാ സെക്രട്ടേറിയറ്റ്‌ രൂപീകരണത്തിനുള്ള നടപടികളിലേക്ക്‌ യോഗം കടന്നത്‌. ഒളിക്യമാറാ ഓപ്പറേഷന്റെ പേരില്‍ അച്ചടക്ക നടപടിക്ക്‌ വിധേയരായ എം പി പത്രോസ്‌, ടി കെ മോഹനന്‍ എന്നിവരെ ഉള്‍പ്പെടുത്തി ജില്ലാ സെക്രട്ടറി പാനല്‍ അവതരിപ്പിച്ചപ്പോള്‍ പിണറായി പക്ഷക്കാര്‍ വിയോജിപ്പു പ്രകടിപ്പിച്ചെങ്കിലും വി എസ്‌ പക്ഷത്തന്‌ ഭൂരിപക്ഷമുള്ള ജില്ലാ കമ്മിറ്റിയില്‍ അതിന്‌ പിന്തുണ ലഭിച്ചില്ല. യോഗത്തില്‍ സി വി ഔസേഫ്‌ അധ്യക്ഷത വഹിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.