നിയന്ത്രിക്കാന്‍ ആളില്ല; മുണ്ടക്കയം ഗതാഗതക്കുരുക്കില്‍

Tuesday 16 May 2017 10:15 pm IST

മുണ്ടക്കയം: ടൗണില്‍ ഗതാഗതകുരുക്ക് പതിവാകുന്നു. അനധികൃത പാര്‍ക്കിംഗ് തടയാന്‍ അധികൃതര്‍ തയ്യാറാകാത്തതാണ് ഗതാഗതക്കുരുക്കിന് കാരണമെന്ന് ആക്ഷേപമുണ്ട്. കൂട്ടിക്കല്‍ റോഡ് ജംങനിലും, ബസ് സ്റ്റാന്റ് ജംങനിലും ഹോംഗാര്‍ഡുകളുടെ സേവനം ലഭിക്കുന്നതൊഴിച്ചാല്‍ സ്ഥലത്ത് ട്രാഫിക് പോലീസെത്തുന്നത് വല്ലപ്പോഴുമാണ്. പൊലീസിന്റെ മതിയായ സേവനം ലഭ്യമാകുന്നില്ലാത്തതിനാല്‍ ഗതാഗതവും പാര്‍ക്കിംഗും തോന്നുംപടിയാണ് നടക്കുന്നത്. കല്ലേപാലം മുതല്‍ പെട്രോള്‍ പമ്പ് ജംക്ഷന്‍ വരെയുള്ള സ്ഥലങ്ങളില്‍ റോഡിനു ഇരുവശത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് നിത്യസംഭവമാണ്. ബസ്സ്റ്റാന്റില്‍ നിന്നും ബസ്സുകള്‍ ഇറങ്ങി വരുമ്പോഴും കയറിപോകുമ്പോഴും ഉണ്ടാകുന്ന ഗതാഗത തടസം ചില സമയങ്ങളില്‍ പെട്രോള്‍ പമ്പ് വരെയും കിഴക്കന്‍ റൂട്ടില്‍ 34-ാം മൈല്‍ വരെയും നീളുന്ന കാഴ്ചയാണുള്ളത്. കെ കെ റോഡില്‍ പൂഞ്ഞാര്‍ എരുമേലി സംസ്ഥാന പാത സംഗമിക്കുന്ന കൂട്ടിക്കല്‍ റോഡ് ജംക്ഷനിലും കോസ്‌വേ ജംക്ഷനില്‍ നിന്നും പലപ്പോഴും ഗതാഗത തടസങ്ങള്‍ ഉണ്ടാകാറുണ്ട്. അനധികൃതമായി റോഡരുകില്‍ കാര്‍ ബൈക്ക് തുടങ്ങിയ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് തടയാനാളില്ല. ടൗണില്‍ പാര്‍ക്കിങ്ങിനായി സ്ഥലം ഇല്ലാത്തതാണ് മറ്റൊരു പ്രധാന പ്രശ്‌നം. ടൗണിലെ മൂന്നു സീബ്രാലൈനുകളിലും ജീവന്‍ പണയം വച്ചാണ് കാല്‍നടക്കാര്‍ കുറുകെ കടക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.