നിലപാട് വ്യക്തമാക്കി ഐ ഗ്രൂപ്പ് മരടില്‍ ചെയര്‍പെഴ്‌സണ്‍ സ്ഥാനം ഉലയുന്നു

Wednesday 17 May 2017 11:00 am IST

മരട്: ഒഴിവുവന്ന നഗരസഭാ വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പു നാളെ നടക്കും. ഇതിനായി ഇരു മുന്നണിയിലും ഇടതടവില്ലാതെ ചര്‍ച്ചകള്‍ നടക്കുകയാണ്. നഗരസഭയില്‍ ഇടതുവലതു ഭരണമാണ്. ഇപ്പോള്‍ യുഡിഎഫിന് നേരിയ ഭൂരിപക്ഷമാണുള്ളത്. ഇതുകൊണ്ടു തന്നെ വൈസ് ചെയര്‍മാന്‍ സ്ഥാനം നിലനിര്‍ത്തുകയും, പിന്നീട് അവിശ്വാസത്തിലൂടെ എല്‍ഡിഎഫ് സ്വതന്ത്രയായ ചെയര്‍പെഴ്‌സനെ പുറത്താക്കി നഗരസഭാ ഭരണം യുഡിഎഫിന്റെ കൈക്കലാക്കുകയെന്ന ലക്ഷ്യവുമായാണ് യുഡിഎഫ് നീങ്ങുന്നത്. ഇതിനായി ചര്‍ച്ചകള്‍ പലവട്ടം നടന്നു. എന്നാല്‍ നിലപാട് വ്യക്തമാക്കി ഐ ഗ്രൂപ്പിന്റെ നേതാക്കള്‍ ചര്‍ച്ചയില്‍ രംഗത്തുണ്ട്. മരടില്‍ അടുത്തയിടെ എ ഗ്രൂപ്പിലുണ്ടായ ചേരിതിരിവ് ഒരു പരിധി വരെ പരിഹരിക്കാനും ചര്‍ച്ചയിലൂടെ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ കാലങ്ങളില്‍ ഐ ഗ്രൂപ്പിനുണ്ടായിട്ടുള്ള പ്രഹരങ്ങളെ കണക്ക് തീര്‍ത്തും തിരിച്ചുപിടിക്കാനാണ് ഗ്രൂപ്പിന്റെയും, പ്രവര്‍ത്തകരുടേയും നിലപാട്. ഗ്രൂപ്പില്‍ ഉറച്ചു നില്‍ക്കുന്നവര്‍ക്ക് കണക്ക് പറഞ്ഞു സ്ഥാനങ്ങള്‍ നേടിക്കൊടുക്കുകയാണ് ലക്ഷ്യം. മരടില്‍ കുറേ നാളുകളായി വിവിധ വകുപ്പുകളിലും അധികാരസ്ഥാനമാനങ്ങള്‍ എ ഗ്രൂപ്പാണ് നേടിയെടുത്തിരുന്നത്. നാളെ നടക്കുന്ന വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ ജില്ലാ കമ്മിറ്റി നിര്‍ദ്ദേശിക്കുന്നയാളെ വിജയിപ്പിക്കുക തന്നെ ചെയ്യും എന്നാണ് അറിയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.