കണ്ണൂര്‍: കുടുംബശ്രീ 19-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ‘അരങ്ങ് 2017’ ജില്ലാതല കലാമേള പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിലെ ഇഎംഎസ് സ്മാരക ഹയര്‍സെക്കന്ററി സ്കൂളില്‍ പി.കെ.ശ്രീമതി എംപി ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പെഴ്സണ്‍ ടി.ടി.റംല, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.വി.പ്രീത തുടങ്ങിയവര്‍ സംസാരിച്ചു.
കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി, തലശ്ശേരി, കണ്ണൂര്‍, തളിപ്പറമ്പ് താലൂക്ക്തല മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയവരാണ് ജില്ലാതല മത്സരങ്ങളില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയത്. 13 സ്റ്റേജ് ഇനങ്ങളും 7 സ്റ്റേജിതര ഇനങ്ങളും ഉള്‍പ്പെടെ 20 കലാ-സാഹിത്യ മേഖലകളിലാണ് ജില്ലാതലത്തില്‍ മത്സരം നടന്നത്. വ്യക്തിഗത-ഗ്രൂപ്പിനങ്ങളിലായി ആകെ 260 കലാകാരികള്‍ മേളയില്‍ പങ്കെടുത്തു.
സ്ത്രീകളുടെ സൃഷ്ടിപരമായ കഴിവുകള്‍ പൊതുസമൂഹത്തിന് മുമ്പാകെ പ്രദര്‍ശിപ്പിക്കാനുള്ള അവസരമൊരുക്കുന്നതോടൊപ്പം സ്ത്രീകളിലെ ഐക്യബോധം ഊട്ടിയുറപ്പിക്കുക എന്നതുകൂടിയാണ് ഈ കൂട്ടായ്മ വഴി കുടുംബശ്രീ മിഷന് പ്രധാനമായും ഉദ്ദേശിക്കുന്നത്.
ഇന്ന് കാലത്ത് 9.00 മണി മുതല്‍ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിലെ ഇ എം എസ് സ്മാരക ഹയര്‍സെക്കന്ററി സ്കൂളില്‍ ജില്ലാതല കായിക മത്സരം നടക്കും. കായികമേളയില്‍ അതാത് സി ഡി എസ്സ് തലത്തില്‍ ഒന്നാം സ്ഥാനം നേടിയ കായിക താരങ്ങളാണ് ജില്ലാതല കായിക മേളയില്‍ പങ്കെടുക്കുക.
ആകെ 500 ലേറെ കായിക താരങ്ങളാണ് മാറ്റുരക്കുക. കായിക മേള കാലത്ത് 9.30 ന് ബഹു. കണ്ണൂര്‍ ജില്ലാകലക്ടര്‍ മീര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്യും. ഫെന്‍സിംഗ് താരം ജിഷ പുതുശ്ശേരി മുഖ്യാതിഥിയായി പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: