മഴക്കുഴി നിര്‍മാണം ജനകീയ പ്രസ്ഥാനമാകും; ജില്ലയില്‍ നാല് ലക്ഷം പേര്‍ അണിനിരക്കും

Wednesday 17 May 2017 2:38 am IST

കണ്ണൂര്‍: ഹരിത കേരളം മിഷന്റെ ഭാഗമായി മഴവെള്ള ശേഖരണത്തിനായുള്ള മഴക്കുഴി നിര്‍മാണം ജില്ലയില്‍ നാല് ലക്ഷം പേര്‍ അണിനിരക്കുന്ന വിപുലമായ ജനകീയ പ്രസ്ഥാനമാകും. ജില്ലയിലെ മുഴുവന്‍ തദ്ദേശസ്ഥാപന വാര്‍ഡുകളിലുമായി 20, 21 തിയ്യതികളിലായിട്ടായിരിക്കും മഴക്കുഴികള്‍ നിര്‍മിക്കുക. ഒരു വാര്‍ഡില്‍ ചുരുങ്ങിയത് 250 പേരെയെങ്കിലും അണിനിരത്താനാവശ്യമായ പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ജില്ലാ ആസൂത്രണ സമിതി യോഗം തദ്ദേശസ്ഥാപനങ്ങളോട് നിര്‍ദേശിച്ചു. ജില്ലയില്‍ പഞ്ചായത്ത്, നഗരസഭാ തലങ്ങളിലായി ആകെ 1584 വാര്‍ഡുകളുണ്ട്. ഇതുപ്രകാരം രണ്ടു ദിവസങ്ങളിലായി 3.96 ലക്ഷം പേരെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങൡ പങ്കാളികളാക്കാനാകുമെന്നാണ് കരുതുന്നത്. എല്ലാ പഞ്ചായത്ത്-നഗരസഭാ തലത്തിലും വാര്‍ഡ് തലത്തിലും ഒരു പ്രധാന കേന്ദ്രത്തില്‍ ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കും. പരമാവധി പൊതുസ്ഥലം കണ്ടെത്തി മഴക്കുഴികള്‍ കുഴിച്ചായിരിക്കും ഉദ്ഘാടനം. പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം കണ്ണൂരില്‍ വിപുലമായി നടത്താനും യോഗം തീരുമാനിച്ചു. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ജൂണ്‍ അഞ്ച് മുതല്‍ ഒരുമാസക്കാലം നീളുന്ന മരം നട്ടുപിടിപ്പിക്കല്‍ പ്രവര്‍ത്തനവും ജില്ലയില്‍ നടക്കും. ഒരു വീടിന് ഒരു മരം എന്ന പ്രഖ്യാപനവുമായാണ് ഈ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. പരമാവധി പൊതുസ്ഥലങ്ങളും സര്‍ക്കാര്‍ ഭൂമിയും കണ്ടെത്തി വേണം മരം നടാനെന്ന് യോഗം നിര്‍ദേശിച്ചു. റോഡരികില്‍ മരങ്ങള്‍ നടുന്നത് പരമാവധി ഒഴിവാക്കണം. പഞ്ചായത്ത്, പൊതുമരാമത്ത് റോഡുകളില്‍ അനുമതിയില്ലാതെ ഒരു കാരണവശാലും മരം നടരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ വീതിയുള്ള റോഡുകള്‍ക്ക് അരികില്‍ ബന്ധപ്പെട്ട അധികൃതരുടെ അനുവാദത്തോടെ മരം നട്ടുപിടിപ്പിക്കാവുന്നതാണ്. നടുന്ന മരങ്ങള്‍ കൃത്യമായി പരിപാലിക്കുന്നതിനുള്ള സംവിധാനവും തദ്ദേശസ്ഥാപനങ്ങള്‍ വഴി ചെയ്യണം. വിപുലമായ ജനപങ്കാളിത്തത്തോടെ മഴക്കുഴി നിര്‍മാണവും മരം നടലും നടത്തണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് പറഞ്ഞു. കാലവര്‍ഷത്തിന് മുമ്പ് എല്ലാ വീട്ടിലും ഒരു മഴക്കുഴിയെങ്കിലും ഉണ്ടാക്കാന്‍ ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. കയര്‍ ഭൂവസ്ത്രം പോലുള്ള ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തി മഴക്കുഴികള്‍ സംരക്ഷിക്കണം. മഴവെള്ള ശേഖരണത്തിനുള്ള മറ്റ് മാര്‍ഗങ്ങളും ഭൂപ്രദേശങ്ങള്‍ക്ക് ഇണങ്ങുന്ന വിധം നടപ്പിലാക്കും. എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഇതിനാവശ്യമായ മുന്നൊരുക്കം അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് കെ.വി.സുമേഷ് നിര്‍ദേശിച്ചു. ജലസംരക്ഷണത്തിനുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി നിയമപരമായ നടപടികള്‍ കൂടി തദ്ദേശസ്ഥാപനങ്ങള്‍ കൈക്കൊള്ളണമെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി നിര്‍ദേശിച്ചു. കെട്ടിട നിര്‍മാണച്ചട്ടമനുസരിച്ച് മഴവെള്ള ശേഖരണം നിര്‍ബന്ധമാക്കാന്‍ കഴിയും. ഇക്കാര്യത്തില്‍ ലൈസന്‍സ് നല്‍കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ ്രപത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലുള്ള ശ്മശാനങ്ങളില്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിന് സാധ്യതയുണ്ടെന്നും ഇക്കാര്യം പരിഗണിക്കുമെന്നും മേയര്‍ ഇ.പി.ലത അറിയിച്ചു. പയ്യാമ്പലം മുതലുള്ള കടലോരത്ത് കഴിഞ്ഞവര്‍ഷം നട്ടുപിടിപ്പിച്ച മരങ്ങള്‍ കൃത്യമായി പരിപാലിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ജില്ലയിലെ നാല് പഞ്ചായത്തുകളില്‍ തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തി സ്ഥാപിച്ച നഴ്‌സറികളിലൂടെ രണ്ട് ലക്ഷം തൈകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിഞ്ഞതായി അസി. കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസറ്റ് ഇംതിയാസ് പറഞ്ഞു. മയ്യില്‍, കടന്നപ്പള്ളി-പാണപ്പുഴ, വേങ്ങാട്, ചിറ്റാരിപ്പറമ്പ് പഞ്ചായത്തുകളിലാണ് നഴ്‌സറികള്‍ ഉള്ളത്. ഓരോയിടത്തും 50,000 വീതം തൈകളാണ് ഉല്‍പ്പാദിപ്പിച്ചത്. ഇത്‌വഴി 5000 തൊഴില്‍ ദിനം സൃഷ്ടിക്കാന്‍ കഴിഞ്ഞതായും ഇംതിയാസ് പറഞ്ഞു. ഇവിടെ നിന്നുള്ള തൈകളാണ് തദ്ദേശസ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്യുക. തദ്ദേശസ്ഥാപനങ്ങള്‍ ആവശ്യമായ തൈകളുടെ എണ്ണം 25 നകം എസിഎഫിനെ അറിയിക്കണം. യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ കെ.പി.ജയബാലന്‍ മാസ്റ്റര്‍, ടി.ടി. റംല, കെ.ശോഭ, അജിത് മാട്ടൂല്‍, ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.കെ.ശ്യാമള ടീച്ചര്‍, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സബേന്ധിച്ചു. ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ കെ.പ്രകാശന്‍ സ്വാഗതം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.