വിലകുറച്ചിട്ടും കൂടിയവിലക്ക് ഇന്ധന വില്‍പന നടത്തിയതായി പരാതി

Wednesday 17 May 2017 2:45 am IST

തളിപ്പറമ്പ്: വിലകുറച്ചിട്ടും കൂടിയവിലക്ക് തന്നെ ഇന്ധനം വില്‍പനനടത്തിയതായി പരാതി. തളിപ്പറമ്പ് മന്നയിലെ എന്‍എഫ് ഫ്യൂവല്‍സില്‍ നിന്നാണ് കഴിഞ്ഞദിവസം രാവിലെ ഉയര്‍ന്ന വില ഈടാക്കി പെട്രോള്‍, ഡീസല്‍ എന്നിവ വില്‍പനടത്തിയത്. തിങ്കളാഴ്ച അര്‍ദ്ധരാത്രിമുതല്‍ പെട്രോളിന് 2.15രൂപയും ഡീസലിന് ലിറ്ററിന് 2.10 രൂപയും കേന്ദ്രസര്‍ക്കാര്‍ കുറച്ചിരുന്നു. ഇത് തിങ്കളാഴ്ച അര്‍ദ്ധരാത്രിമുതലാണ് നിലവില്‍ വന്നത്. ഇന്ധന വില കൂട്ടിയാല്‍ ആ നിമിഷം മുതല്‍ കൂട്ടിയ വിലക്ക് പെട്രോളും ഡീസലും വില്‍പന നടത്തുന്ന ഉടമകള്‍ വിലകുറച്ചപ്പോള്‍ ഉത്തരവ് കയ്യില്‍ കിട്ടിയില്ല എന്ന പേരിലാണ് ഇന്ധനം വില്‍പന നടത്തിയത്. ഡീസലിന് നേരത്തെയുണ്ടായിരുന്ന 61.77 രൂപയാണ് ഈ പമ്പില്‍ നിന്നും ഈടാക്കിയത്. ഇത് തിങ്കളാഴ്ച അര്‍ദ്ദരാത്രി മുതല്‍ 59.17 രൂപയായി കുറച്ചിരുന്നു. എന്നാല്‍ ഇതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന രീതിയില്‍ ഇന്നലെ രാവിലെയും പമ്പുടമ നേരത്തെയുള്ള വിലക്ക് ഇന്ധനം വില്‍പന നടത്തുകയായിരുന്നു. കൂടുതല്‍ വിലയീടാക്കിയതിനെ ചോദ്യം ചെയ്ത വാഹന ഉടമകളോട് സര്‍ക്കാര്‍ എന്ത് പറഞ്ഞാലും അതനുസരിക്കാന്‍ തങ്ങള്‍ ബാധ്യസ്തരല്ലെന്നും പമ്പുടമ പറഞ്ഞാലേ പുതിയ നിരക്കില്‍ ഇന്ധനം വില്‍പന നടത്തുകയുള്ളൂ എന്നുമുള്ള ധിക്കാരപരമായ മറുപടിയാണ് ജീവനക്കാര്‍ നല്‍കിയത്. ഇത് വാക്കുതര്‍ക്കത്തിനും ഇടയാക്കി. ഇതുസംബന്ധിച്ച് ഓയില്‍ കോര്‍പറേഷന് വാഹന ഉടമകള്‍ പരാതി നല്‍കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.