സ്ഥലമേറ്റെടുക്കല്‍ വിവാദം : കരുവഞ്ചാല്‍-വെള്ളാട് റോഡ് നിര്‍മ്മാണം തടസ്സപ്പെട്ടു

Wednesday 17 May 2017 2:46 am IST

ആലക്കോട്: സ്ഥമേറ്റെടുക്കല്‍ വിവാദത്തെ തുടര്‍ന്ന് കരുവഞ്ചാല്‍ -വെള്ളാട് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപെട്ടു. ഇതോടെ ഈ മേഖലയില്‍ യാത്ര ദുസ്സഹമായി. നിലവിലുള്ള റോഡ് എട്ട് മീറ്റര്‍ വീതിയില്‍ അഞ്ചരമീറ്റര്‍ ടാറിങ്ങോടുകൂടിയായിരുന്നു ഉണ്ടായിരുന്നത്. ഇതുപ്രകാരം പുതിയ റോഡും നിലിവിലുള്ള വീതിയില്‍ ടാറിംഗ് നടത്താനായിരുന്നു എസ്റ്റിമേറ്റ് ഇതിനായി 3.20 കോടി രൂപ മുന്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നുവെങ്കിലും 2.77 കോടി രൂപക്കാണ് പ്രവര്‍ത്തി കരാറായത്. ഇതിനുശേഷം റോഡ് പത്ത് മീറ്റര്‍ വീതിയില്‍ പുനര്‍ നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗവും ഇതിനെ എതിര്‍ത്ത് മറ്റൊരു വിഭാഗവും രംഗത്തെത്തുകയായിരുന്നു. കുടിയേറ്റ ഗ്രാമങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതും പാലക്കയം, പൈതല്‍മല തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളുമായി എളുപ്പത്തില്‍ ബന്ധപ്പെടാവുന്നതുമായ പാതയാണിതെന്നും അതുകൊണ്ടുതന്നെ വീതികൂട്ടി ടാര്‍ ചെയ്യണമെന്നുമായിരുന്നു നാട്ടുകാരില്‍ ഒരുവിഭാഗത്തിന്റെ ആവശ്യം. വെള്ളാടുനിന്നും പള്ളിക്കവല വരെ രണ്ട് കിലാമീറ്റര്‍ ദൂരം പത്ത് മീറ്റര്‍ വീതിയില്‍ സ്ഥലമേറ്റെടുത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയെങ്കിലും ഇതിന് ശേഷമുള്ള റോഡിലാണ് തര്‍ക്കം രൂക്ഷമായത്. ഒന്നര കിലോമീറ്റര്‍ ദൂരം മാത്രമേ ഇനി ശേഷിക്കുന്നുള്ളൂ. ഈ ഭാഗത്ത് റോഡ് വീതികൂട്ടാനുള്ള സ്ഥലങ്ങള്‍ ഉടമകള്‍ വിട്ടുനല്‍കാന്‍ തയ്യാറായിട്ടില്ല. റോഡ് വികസനത്തിനായി ജനകീയവികസന സമിതിയും രംഗത്തുണ്ടെങ്കിലും സ്ഥലമേറ്റെടുക്കാന്‍ കഴിയാത്തതിനാല്‍ ഇവര്‍ പിന്‍വാങ്ങിയ നിലയിലുണുള്ളത്. കെ.സി.ജോസഫ് എംഎല്‍എ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പിഡബ്ല്യൂഡി ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പലതവണ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഒരുവിഭാഗം സ്ഥലമുടമകള്‍ റോഡ് വികസനത്തിനായി സ്ഥലം വിട്ടുനല്‍കിയിട്ടില്ല. സ്ഥലം വിട്ടുനല്‍കാന്‍ മടിക്കുന്നവര്‍ കോടതിയെ സമീപിച്ചതോടെയാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ തടസപെട്ടത്. പ്രവര്‍ത്തി പാതിവഴിയില്‍ നിലച്ചതോടെ കുണ്ടുംകുഴിയും നിറഞ്ഞ് ചളിക്കുളമായിരിക്കുകയാണ് റോഡ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.