ശ്രീനഗര്‍: ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താന്‍ കശ്മീരിലെ ഷോപ്പിയാന്‍ മേഖലയില്‍ സുരക്ഷാസേനയുടെ വന്‍ തിരച്ചില്‍. എന്നാല്‍ ഭീകരവേട്ടയ്ക്കിറങ്ങിയ സുരക്ഷാ സേനയ്ക്കുനേരെ പ്രദേശവാസികള്‍ കല്ലേറു നടത്തിയതിനെ തുടര്‍ന്ന് തിരച്ചില്‍ തടസ്സപ്പെട്ടു. നേരത്തെ പലവട്ടവും സുരക്ഷാസേനയ്ക്ക് നേരെ കല്ലേറുണ്ടായിട്ടുണ്ട്.
ആയിരത്തോളം സൈനികരെയും പോലീസ് ഉദ്യോഗസ്ഥരെയുമാണ് ഓപ്പറേഷനു വേണ്ടി നിയോഗിച്ചിരുന്നത്. ഷോപ്പിയാനിലെ എല്ലാ ഗ്രാമങ്ങളിലെയും വീടുകളില്‍ കയറിയിറങ്ങി തിരച്ചില്‍ നടത്താനാണ് സൈന്യം തീരുമാനിച്ചിരുന്നത്.
സൈന്‍പോറ മേഖലയിലാണ് ശക്തമായ തിരച്ചില്‍ നടത്തിയത്. ഭീകരര്‍ ഒളിച്ചിരിക്കുന്ന കേന്ദ്രങ്ങള്‍ കണ്ടെത്താനായിരുന്നു നടപടി. ഇതിനിടെയാണ് കല്ലേറ് ഉണ്ടായത്. കൂടുതല്‍ സൈന്യത്തെ മേഖലയിലേക്ക് എത്തിച്ചുവെങ്കിലും നടപടി നിര്‍ത്തിവയ്ക്കാന്‍ ഉത്തരവുണ്ടാകുകയായിരുന്നു.
ഷോപ്പിയാനില്‍വച്ചാണ് കഴിഞ്ഞദിവസം യുവ സൈനികന് ഭീകരരുടെ വെടിയേറ്റു വീരമൃത്യുവരിച്ചത്. ഇതിന് ശേഷമാണ് സൈന്യം വ്യാപകമായ തിരച്ചില്‍ ആരംഭിച്ചത്. 4000 സൈനികര്‍ ഉള്‍പ്പെട്ട വന്‍ തിരച്ചിലാണ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: