ലോഡ്ജിലെ കൊലപാതകം: ഉടമയടക്കം എട്ടു പേര്‍ അറസ്റ്റില്‍

Wednesday 17 May 2017 8:53 pm IST

പന്തളം: പന്തളത്ത് ലോഡ്ജില്‍ വാടകയ്ക്കു താമസിച്ചിരുന്നവര്‍ തമ്മിലുണ്ടായ അടിപിടിയില്‍ പത്തനാപുരം പാതിരിക്കല്‍ പാടത്തുകാലാപുത്തന്‍വീട്ടില്‍ രാജന്‍ (47) മരിച്ച കേസില്‍ എട്ടു പേരെ പന്തളം പോലീസ് അറസ്റ്റു ചെയ്തു. തമിഴ്‌നാട് തിരുനെല്‍വേലി തെങ്കാശി കാവാലക്കുറിശ്ശി വടക്ക് മരുതിപ്പാണ്ഡ്യന്‍ (മുത്തു-39), കുരമ്പാല തെക്ക് പാറയ്ക്കല്‍ വീട്ടില്‍ ദിനേശ് (മുത്തു-35), മുരുകന്റെ ഭാര്യ ഉമ (39), ദിനേശിന്റെ ഭാര്യ വസന്ത (33), സഹോദരിമാരായ ലത (26), ബിന്ദു (28), മഞ്ജു (35), ലോഡ്ജുടമ മങ്ങാരം പുല്ലുംവിളയില്‍ ശൈലജ (56) എന്നിവരെയാണ് പന്തളം പോലീസ് അറസ്റ്റു ചെയ്തത്. ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മരിച്ച രാജന്‍ കഴുകി പുറത്തു വച്ചിരുന്ന പാത്രങ്ങള്‍ കാണാതായതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. ഇതിന്റെ പേരില്‍ രാജന്‍ ലതയുമായി വഴക്കിട്ടതിനേച്ചൊല്ലി മുത്തുവും മുരുകനും രാജനുമായി അടിപിടിയുണ്ടായി. വഴക്കിനേക്കുറിച്ച് ലോഡ്ജുടമ ശൈലജയെ അറിയിക്കുകയും അവര്‍ സ്ഥലത്തെത്തുകയും ചെയ്തു. അവരുടെ മുമ്പില്‍ വച്ച് മറ്റ് ഏഴു പ്രതികളും ചേര്‍ന്ന് വടിയും തടിയുമുപയോഗിച്ച് രാജനെ വീണ്ടും മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ ബോധം നഷ്ടപ്പെട്ട ഇയാളെ ലോഡ്ജുടമയുംകൂടി ചേര്‍ന്ന് പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും അവിടെ നടത്തിയ സ്‌കാനിംഗില്‍ തലച്ചോറില്‍ രക്തസ്രാവമുണ്ടെന്നു കണ്ടതിനേത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെത്തിക്കുകയായിരുന്നു. രാജനെ മെഡിക്കല്‍ കോളേജിലാക്കി ശൈലജയുള്‍പ്പെടെയുള്ളവര്‍ സ്ഥലം വിടാന്‍ ശ്രമിച്ചതു തടഞ്ഞ ഡോക്ടര്‍ മെഡിക്കല്‍ കോളേജിലെ പോലീസ് എയ്ഡ് പോസ്റ്റില്‍ വിവരമറിയിച്ചു. പോലീസ് എയ്ഡ് പോസ്റ്റിലെ പോലീസുകാര്‍ പന്തളം പോലീസില്‍ വിവരമറിയിച്ചതിനേത്തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ 11 മണിയോടെ രാജന്‍ മരിച്ചു. തുടര്‍ന്ന് കൊലപാതകത്തിന് കേസെടുക്കുകയായിരുന്നു. സംഭവം പോലീസിനെ അറിയിക്കാതിരുന്നതിനാണ് ശൈലജയ്‌ക്കെതിരെ കേസെടുത്തത്. അന്വേഷണം നടത്തി തെളിവെടുപ്പിനുശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ബി. അശോകന്റെ നിര്‍ദ്ദേശത്തേത്തുടര്‍ന്ന് അടൂര്‍ ഡിവൈഎസ്പി എസ്. റഫീക്ക്, പന്തളം സിഐ ആര്‍. സുരേഷ്, എസ്‌ഐ സനൂജ്, എസ്‌സിപിഒ രാജേന്ദ്രന്‍, സിപിഒമാരായ മനോജ്, ഗോപി, മുജീബ് എന്നിവരാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.