പ്ലസ് വണ്‍ പ്രവേശനം; 10696 പേര്‍ക്ക് സീറ്റില്ല

Wednesday 17 May 2017 9:05 pm IST

മലപ്പുറം: പ്ലസ് വണ്‍ സീറ്റുകളുടെ കുറവുമൂലം ജില്ലയിലെ 10696 പേര്‍ക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കില്ല. 80584 കുട്ടികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയപ്പോള്‍ 76985 പേര്‍ തുടര്‍പഠനത്തിന് അര്‍ഹത നേടി. ജില്ലയിലെ 248 സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലായി ആകെ 60646 സീറ്റുകളാണുളളത്. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി, പോളിടെക്‌നിക്ക്, ഐടിഐ എന്നിവിടങ്ങളിലായി 5643 സീറ്റുകളുണ്ട്. ഇതില്‍ 2323 സീറ്റുകള്‍ വിഎച്ച്എസ്ഇയിലും 2350 സീറ്റുകള്‍ പോളിടെക്‌നിക്കിലും 970 സീറ്റുകള്‍ ഐ.ടി.ഐകളിലുമാണ്. കഴിഞ്ഞ വര്‍ഷം പ്ലസ് വണ്‍ പ്രവേശനം ലഭിക്കാത്തവരുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ 20 ശതമാനം സീറ്റ് വര്‍ധിപ്പിച്ചിരുന്നു. ഇത്തവണ സിബിഎസ്ഇ ഫലം കൂടി വരുമ്പോള്‍ സീറ്റ് ലഭിക്കാത്തവരുടെ എണ്ണം വീണ്ടും കൂടും. കഴിഞ്ഞ വര്‍ഷം വര്‍ധിപ്പിച്ച സീറ്റുകള്‍ കൂടുതലും സയന്‍സ് വിഭാഗത്തിലായിരുന്നു. അടിസ്ഥാന സൗകര്യങ്ങളും അക്കാദമിക് നിലവാരവും കുറഞ്ഞ സ്‌കൂളുകളില്‍ പ്രവേശനം നേടാന്‍ മിക്കവരും തയ്യാറായില്ല. എസ്എസ്എല്‍സിക്ക് കുറഞ്ഞ മാര്‍ക്കുള്ളവര്‍ സയന്‍സ് എടുത്ത് പഠിക്കാനും മടി കാണിച്ചു. അതിനാല്‍ പല സ്‌കൂളുകളിലും സീറ്റ് ഒഴിഞ്ഞുകിടന്നു. ഇത്തവണയെങ്കിലും ഇതിനൊരു പരിഹാരം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ ഇതുവരെ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. അധിക സീറ്റ് അനുവദിച്ചാലും ഭൗതികസൗകര്യങ്ങളുടെ കുറവ് പ്രശ്‌നമാകും. നേരത്തെ അനുവദിച്ച അധിക ബാച്ചുകളില്‍ പലതും ഇപ്പോഴും താത്ക്കാലിക കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. പ്ലസ് വണ്ണിന് അധിക സീറ്റ് അനുവദിക്കണമെന്ന ആവശ്യമുയരുമ്പോഴും സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ പ്രശ്‌നമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.