ആശങ്കയില്‍ പ്ലസ് വണ്‍

Wednesday 17 May 2017 9:19 pm IST

തൃശൂര്‍: പ്ലസ് വണിന് അപേക്ഷ നല്‍കാനുള്ള അവസാന തിയതി 22 ആണെന്നിരിക്കെ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക വര്‍ധിച്ചു. ഓരോ കുട്ടിക്കും അവര്‍ ആഗ്രഹിക്കുന്ന വിഭാഗത്തില്‍ തന്നെ സീറ്റ് ലഭിക്കുമോയെന്ന ആശങ്കയാണ് ഉയരുന്നത്. ജില്ലയില്‍ എസ്എസ്എല്‍സി പരീക്ഷയെഴുതിയ 38,134 വിദ്യാര്‍ത്ഥികളില്‍ 37,082 പേരാണ് ഉപരിപഠനത്തിന് അര്‍ഹരായത്. 1,713 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. 97.241 ശതമാനം വിജയം. ഉപജില്ലകളില്‍ 98.19 ശതമാനം വിജയം നേടിയ ഇരിങ്ങാലക്കുട ഉപജില്ലയ്ക്കാണ് ഒന്നാം സ്ഥാനം. രണ്ടാംസ്ഥാനത്ത് തൃശൂര്‍ 97.87 ശതമാനം. ചാവക്കാട് മൂന്നാംസ്ഥാനത്ത് 96.07. തൃശൂരില്‍ 85 സ്‌കൂളുകളില്‍ നിന്നായി 11,253 പേര്‍ പരീക്ഷയെഴുതി. ഇതില്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയത് 11,013 വിദ്യാര്‍ത്ഥികള്‍. 615 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. 31 വിദ്യാലയങ്ങള്‍ നൂറുമേനി കൊയ്തു. ഇരിങ്ങാലക്കുടയില്‍ 85 സ്‌കൂളുകളില്‍ നിന്നായി 11,532 പേര്‍ പരീക്ഷയെഴുതി. 11,323 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 597 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയപ്പോള്‍ 37 സ്‌കൂളുകള്‍ക്ക് നൂറുമേനി കൊയ്തു. ചാവക്കാട് ഉപജില്ലയില്‍ 94 സ്‌കൂളുകളില്‍ നിന്നായി 15,349 പേര്‍ പരീക്ഷയെഴുതി. 14,746 വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 501 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ. പ്ലസ്. 38 സ്‌കൂളുകള്‍ക്ക് നൂറുമേനി. ജില്ലയില്‍ 204 സ്‌കൂളുകളിലായി മെറിറ്റ്, നോണ്‍ മെറിറ്റ് വിഭാഗങ്ങളില്‍ 38,234 പ്ലസ് വണ്‍ സീറ്റുകളാണുള്ളത്. എസ്എസ്എല്‍സി വിജയികളെ സംബന്ധിച്ചിടത്തോളം ഇത് അധികമാണെങ്കിലും സിബിഎസ്ഇ, ഐസ്എസ്ഇ പരീക്ഷാഫലം വരുന്നതോടെയാണ് ആശങ്ക ഉയരുന്നത്. ഏകജാലക സംവിധാനം വഴിയാണ് അപേക്ഷ സ്വീകരിക്കുന്നത്. ഇവരില്‍ കേരള സിലബസിലേക്ക് കുട്ടികള്‍ മാറുന്നതോടെ ആഗ്രഹിക്കുന്ന ബാച്ചുകളിലേക്കുള്ള പ്രവേശനം കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. മാത്രമല്ല, സേ പരീക്ഷയും പുനര്‍മൂല്യനിര്‍ണയവുമെല്ലാം പ്രവേശനത്തെ ബാധിക്കും. ജില്ലയില്‍ 204 സ്‌കൂളുകളില്‍ 94 എണ്ണം എയ്ഡഡ് മേഖലയിലാണ്. 71 സര്‍ക്കാര്‍ സ്‌കൂളുകളും 36 അണ്‍ എയ്ഡഡ് സ്‌കൂളുകളും. റെസിഡന്‍ഷ്യല്‍, സ്‌പെഷല്‍, ടെക്‌നിക്കല്‍ വിഭാഗങ്ങളില്‍ ഓരോന്ന് വീതവും. സയന്‍സ്, കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് വിഭാഗങ്ങളിലായി മെറിറ്റ് വിഭാഗത്തില്‍ 25,944 സീറ്റുകളും നോണ്‍ മെറിറ്റ് വിഭാഗത്തില്‍ 12,290 സീറ്റുകളുമാണുള്ളത്.വിഎച്ച്എസ്ഇ വിഭാഗത്തിലായി 36 സ്‌കൂളുകളാണുള്ളത്. ഇവയില്‍ സര്‍ക്കാര്‍ വക 26 എണ്ണമാണ് ഉള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.