കട്ടപ്പന: കട്ടപ്പന സാഗര ജംങ്ഷനില്‍ നിന്ന് കൊച്ചുതോവാള റോഡിലൂടെയുള്ള യാത്ര ദുരിതമാകുന്നു. കാല്‍നടയാത്രപോലും ബുദ്ധിമുട്ടിലാണ്. റോഡ് പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴി രൂപപ്പെട്ടിട്ട് നാളുകളായി.
നിരവധി നിവേദനങ്ങളും പരാതികളും നല്‍കിയതിനെതുടര്‍ന്ന് മെയിന്റനന്‍സിനുള്ള തുക അനുവദിച്ചെങ്കിലും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ അനാസ്ഥ തുടരുകയാണ്. ഇരട്ടയാര്‍, തോവാള, നെടുങ്കണ്ടം തുടങ്ങിയ സ്ഥലങ്ങളിലേക്ക് നൂറുകണക്കിനു വാഹനങ്ങളും യാത്രക്കാരും സഞ്ചരിക്കുന്ന റോഡാണിത്. റോഡിന്റെ ശോചനീയാവസ്ഥ മൂലം ബൈക്ക് യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ അപകടത്തില്‍പെടുന്നത് നിത്യസംഭവമാണ്.
ഓട്ടോറിക്ഷകള്‍ ഇവിടേക്ക് ഓട്ടം വരാന്‍ തയ്യാറാകുന്നില്ല. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥ അവസാനിപ്പിച്ച് റോഡ് നന്നാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. റോഡില്‍ രൂപപ്പെട്ടിരിക്കുന്ന കുഴികളുടെ ആഴം മനസിലാകാതെ വാഹനങ്ങള്‍ കുഴിയില്‍ ചാടി അപകടങ്ങള്‍ ഉണ്ടാവുന്നത് പതിവാണ്.
പുതിയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ കട്ടപ്പനയിലെ ഏറ്റവും തിരക്കേറിയ ഭാഗമായി മാറിയിരിക്കുകയാണ് കട്ടപ്പന സാഗര ജങ്ഷന്. എന്നാല്‍ ട്രാഫിക്ക് നിയമങ്ങള്‍ പാലിക്കാതെയുള്ള വാഹനങ്ങളുടെ പാച്ചില്‍ മൂലം സ്ഥിരമായി ഇവിടെ അപകടം സംഭവിക്കുന്നു. നെടുങ്കണ്ടം, കുമളി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ഹ്രസ്വദൂര സര്‍വീസ് നടത്തുന്ന ബസുകള്‍ ടൗണ്‍ ചുറ്റി പഴയ സ്റ്റാന്‍ഡ് വഴി പുതിയ സ്റ്റാന്‍ഡില്‍ പ്രവേശിക്കണമെന്ന ട്രാഫിക്ക് നിയമം നടപ്പിലാക്കാന്‍ അധികൃതര്‍ക്കാകുന്നില്ല. ഡ്യൂട്ടിക്കായി ഹോം ഗാര്‍ഡുകളെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഇടപെടല്‍ നടത്താന്‍ ഇവര്‍ക്കാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: