ഭരണപക്ഷത്തിന് സ്പീക്കറുടെ കടുത്ത താക്കീത്

Wednesday 17 May 2017 9:54 pm IST

തിരുവനന്തപുരം: നിയമസഭയില്‍ അംഗങ്ങള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ വൈകുന്നതിനെതിരെ സ്പീക്കറുടെ റൂളിംഗ്. ഈ സഭാ സമ്മേളനം അവസാനിക്കുന്ന മെയ് 25 ന് മുമ്പ് മുഴുവന്‍ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയിരിക്കണമെന്ന് മന്ത്രിമാര്‍ക്ക് സ്പീക്കറുടെ കര്‍ശന നിര്‍ദ്ദേശം. നിരുത്തരവാദപരമായ സമീപനമാണുണ്ടാകുന്നതെന്നും ചോദ്യങ്ങള്‍ക്ക് സമയത്ത് കൃത്യമായ മറുപടി ഉണ്ടാകാതിരിക്കുന്നതിന് ന്യായീകരണമില്ലെന്നും സ്പീക്കര്‍ പറഞ്ഞു. മറുപടികളുടെ കാര്യത്തില്‍ ഗുണപരമായ പുരോഗതി ഉണ്ടാകുന്നില്ലെന്നതും വീണ്ടും പരാതികള്‍ ഉയരുന്നതും ചെയറിനെ അസ്വസ്ഥപ്പെടുത്തുന്നു. പ്രതിപക്ഷ നേതാവ് മെയ് 10 നു നല്‍കിയ കത്തില്‍ അന്നേദിവസം നോട്ടീസ് നല്‍കിയിരുന്ന 333 നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങളില്‍ 19 എണ്ണത്തിനു മാത്രമേ ഉത്തരം നല്‍കിയിരുന്നുള്ളൂ എന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം പരിശോധിച്ചതില്‍ പരാതി വസ്തുതാപരമാണെന്നു വ്യക്തമായി. കുറച്ചു ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തൊട്ടടുത്ത ദിവസം നല്‍കി. എന്നാല്‍ 244 ചോദ്യങ്ങള്‍ക്കുള്ള മറുപടി ഇനിയും നല്‍കാനുള്ളത് ദൗര്‍ഭാഗ്യകരമാണ്. ബുധനാഴ്ച മറുപടി നല്‍കേണ്ടിയിരുന്ന 305 നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങളില്‍ പതിനാറു എണ്ണത്തിന് മാത്രമേ യഥാസമയം മറുപടി നല്‍കിയിട്ടുള്ളൂ എന്നത് അങ്ങേയറ്റം നിരാശജനകമാണ്. ആവര്‍ത്തിച്ചു പരാതികള്‍ ഉണ്ടാകുന്നതും വീണ്ടും വീണ്ടും റൂളിംഗ് നല്‍കേണ്ടിവരുന്നതും ഒഴിവാക്കണം. ആധുനിക വിവര വിനിമയ സംവിധാനങ്ങള്‍ ഉണ്ടായിട്ടും സാമാജികര്‍ പത്തു ദിവസങ്ങള്‍ക്കു മുമ്പ് എഴുതിനല്‍കുന്ന ചോദ്യങ്ങള്‍ക്ക് യഥാസമയം മറുപടി നല്‍കാതിരിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള ന്യായീകരണം പര്യാപ്തമാകുമെന്ന് കരുതുന്നില്ല. ചോദ്യങ്ങള്‍ക്കു സമയബന്ധിതമായി മറുപടി നല്‍കാന്‍ മന്ത്രിമാരുടെ ഓഫീസുകളുമായി ബന്ധപ്പെട്ട് കാര്യക്ഷമമായി നടപടിയുണ്ടാക്കണം. ഏകോപനം ഏര്‍പ്പെടുത്തിയിട്ടുള്ള ഓഫീസുകളില്‍ നിന്ന് മറുപടി കൃത്യസമയത്തു തന്നെ നിയമസഭാ സെക്രട്ടേറിയറ്റില്‍ ലഭ്യമാക്കുന്നുണ്ട്. ആവര്‍ത്തിച്ചുള്ള റൂളിംഗുകള്‍ക്ക് ഇടവരാത്തവണ്ണം മറുപടി വൈകുന്നുവെന്ന പരാതികള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തണമെന്നും റൂളിംഗില്‍ വ്യക്തമാക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.