കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല ബി.ടെക് അടക്കം വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി അഖിലേന്ത്യാ തലത്തില്‍ നടത്തിയ പൊതു പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.
മലപ്പുറം തിരൂര്‍ ബി.പി. അങ്ങാടിയിലെ നിയാസി കെ. എ. ഫിര്‍ദൗസിന്റെ മകന് ഷാഫില്‍ മഹീന്. എന്‍ ആണ് ബി.ടെക് പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയത്. കോട്ടയം പാല മുതുക്കാട്ടില്‍ വീട്ടില്‍ എം. വി. ജോര്‍ജിന്റെ മകന് ആനന്ദ് ജോര്‍ജ് രണ്ടാം റാങ്കും, കോട്ടയം പാക്കില്‍ പ്ലാംതോട്ടത്തില്‍ വീട്ടില്‍ ചെറിയാന് കോശിയുടെ മകന് ജെസ്വിന് കോശി ചെറിയാന് മൂന്നാം റാങ്കും നേടി. എസ്.സി./എസ്.ടി വിഭാഗത്തില്‍ കാസര്‍ഗോഡ് നുള്ളിപ്പാടിയിലെ വി. ചന്ദ്രാനന്ദന്റെ മകന് ജിഷിന് ചന്ദ് കെ.സി. ഒന്നാം റാങ്ക് കരസ്ഥമാക്കി.
റാങ്ക് പട്ടികയും മറ്റ് വിശദാംശങ്ങളും www.cusat.nic.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. യോഗ്യരായ ബി.ടെക് വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ഓപ്ഷനുകള്‍ ഇന്നു മുതല്‍ രജിസ്റ്റര്‍ ചെയ്യാം. ദുബായ് അടക്കം ഇന്ത്യയിലെ 104 കേന്ദ്രങ്ങളിലായി 25000 പേര് പരീക്ഷ എഴുതിയിരുന്നു. വിവരങ്ങള്‍ക്ക് 0484-2577159/2862256
പ്രതികരിക്കാൻ ഇവിടെ എഴുതുക: