അനാഥാലയത്തിന്റെ മറവില്‍ കുട്ടിക്കടത്ത്, 11 കുട്ടികളെ മോചിപ്പിച്ചു; ഒരാള്‍ കസ്റ്റഡിയില്‍

Wednesday 17 May 2017 10:37 pm IST

പാലക്കാട്: അനാഥാലയത്തിന്റെ മറവില്‍ പാലക്കാട്ടെത്തിച്ച കുട്ടികളെ പോലീസ് പിടികൂടി. ഗ്രേസ് കെയര്‍ മൂവ്‌മെന്റ് എന്ന സ്ഥാപനമാണ് മതിയായ രേഖകളില്ലാതെ കുട്ടികളെ ദല്‍ഹിയില്‍ നിന്നും കൊണ്ടു വന്നത്. പോലീസ് പിടികൂടിയ കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറി. അങ്കണ്‍വാടി ജീവനക്കാരുടെ ഗൃഹ സന്ദര്‍ശനത്തിനിടയിലാണ് കൊഴിഞ്ഞാമ്പാറ മേനോന്‍ പാറയിലെ ഒരു വീട്ടില്‍ ഉേേത്തരന്ത്യക്കാരായ14 കുട്ടികളെ പാര്‍പ്പിച്ചിരുന്നതായി കണ്ടെത്തിയത്. ഇവര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. വാടകവീട്ടില്‍ യാതൊരു രേഖകളുമില്ലാതെയാണ് കുട്ടികളെ താമസിപ്പിച്ചിരുന്നതെന്ന് പോലീസിന്റെ പരിശോധനയില്‍ തെളിഞ്ഞു.ഗ്രേസ് കെയര്‍ എന്ന സ്ഥാപനത്തിന്റെ ശാഖ പാലക്കാട് ആരംഭിക്കുന്നതിന്റെ ഭാഗമായാണ് കുട്ടികളെ കൊണ്ടുവന്നതെന്നാണ് ഭാരവാഹികളുടെ വിശദീകരണം.രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ പോലീസ് ഇടപെട്ട് കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറി. എന്നാല്‍, നോയിഡ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗ്രേസ് കെയര്‍ മൂവ്‌മെന്റ് അനാഥാലയത്തിന് പാലക്കാട് ശാഖകളില്ലെന്നും, കുട്ടികളെ കൊണ്ടുവരാനുള്ള അനുമതിയില്ലെന്നും ശിശുക്ഷേമ സമിതി അറിയിച്ചു. 10 മുതല്‍ 15 വയസ്സുവരെ വരെ പ്രായമുള്ള കുട്ടികള്‍ ശനിയാഴ്ചയാണ് ഇവിടെയെത്തിയത്. കുട്ടികളൊടൊപ്പമുണ്ടായിരുന്ന കായംകുളം സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ ഇയാളുള്‍പ്പടെ രണ്ട് പേര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. അതേസമയം,കുട്ടികളുടെ രേഖകള്‍ അടുത്ത ദിവസം തന്നെ ഹാജരാക്കുമെന്ന് ഗ്രേസ് കെയര്‍ ഭാരവാഹികള്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.