പ്ലസ് വണ്‍ 3534 സീറ്റ് കൂടുതല്‍

Thursday 18 May 2017 12:50 am IST

കൊച്ചി: എസ്എസ്എല്‍സി പരീക്ഷ ജയിച്ച എല്ലാ കുട്ടികള്‍ക്കും ജില്ലയില്‍ പ്ലസ് വണ്‍ പ്രവേശനം ഉറപ്പ്. ഉന്നതപഠനത്തിന് യോഗ്യത നേടിയ കുട്ടികളുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ സീറ്റ് ജില്ലയിലെ സ്‌കൂളുകളിലുണ്ട്. വിജയിച്ച എല്ലാവരും പ്ലസ് വണ്‍ തിരഞ്ഞെടുക്കുകയാണെങ്കിലും 3534 സീറ്റുകള്‍ വെറുതെ കിടക്കും. വിജയിച്ച കുട്ടികള്‍ മറ്റു കോഴ്‌സുകള്‍ തിരഞ്ഞെടുത്താലും വെറുതെയാകുന്ന സീറ്റുകളുടെ എണ്ണം കുത്തനെ ഉയരാനിടയുണ്ട്. കഴിഞ്ഞ വര്‍ഷം എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ ജില്ലയില്‍ 38,002 കുട്ടികളാണുണ്ടായിരുന്നത്. ഇതില്‍ 37,231 പേര്‍ ജയിച്ചു. എന്നാല്‍, ഇക്കുറി 35,868 കുട്ടികള്‍ മാത്രമാണ് എസ്എസ്എല്‍സി പരീക്ഷയ്ക്കുണ്ടായിരുന്നത്. ഇതില്‍ 34,522 പേര്‍ മാത്രമേ ജയിച്ചിട്ടുള്ളൂ. ജില്ലയിലെ പ്ലസ് വണ്‍ സീറ്റുകളുടെയെണ്ണം 38056 ആണ്. അതുകൊണ്ടുതന്നെ സീറ്റുകള്‍ പല സ്‌കൂളുകളിലും കാലിയായി കിടക്കും. ജില്ലയില്‍ 300 സ്‌കൂളുകളിലാണ് പ്ലസ് വണ്‍ പ്രവേശനം. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 11,820 സീറ്റാണ് ആകെയുള്ളത്. ഇതില്‍ 11454 സീറ്റ് മെരിറ്റിലും 366 സീറ്റ് സ്‌പോര്‍ട് ക്വാട്ടയിലുമുള്ളതാണ്. എയ്ഡഡ് മേഖലയിലെ 12264 മെറിറ്റ് സീറ്റുണ്ട്. 402 സ്‌പോര്‍ട്ട്‌സ് ക്വാട്ടയും. 482 സീറ്റ് മാനേജ്‌മെന്റ് ക്വാട്ടയാണ്. 3312 കമ്മ്യൂണിറ്റി ക്വാട്ടയും. എല്ലാം കൂടി എയ്ഡഡ് മേഖലയില്‍ 20,460 സീറ്റുണ്ട്. അണ്‍ എയ്ഡഡ് മേഖലയില്‍ 5836 സീറ്റാണുള്ളത്. മെരിറ്റ് സീറ്റുകളില്‍ മാത്രമാണ് ഏക ജാലകം വഴി പ്രവേശനം നടത്തുന്നത്. ഏകജാലകം വഴിയുള്ള ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കല്‍ തുടരുകയാണ്. ഈ മാസം 22 ആണ് അവസാന തീയതി. ഇത് നീട്ടാനിടയുണ്ട്. പരീക്ഷ വിജയിച്ച എല്ലാ കുട്ടികളും പ്ലസ് വണ്‍ പ്രവേശത്തിന് വരാനിടയില്ല. വിഎച്എസ്ഇ, ഐടിഐ, പോളിടെക്‌നിക് തുടങ്ങിയ മേഖലകളിലേക്കും കുട്ടികള്‍ പോകാനിടയുണ്ട്. അതുകൊണ്ടുതന്നെ കൂടുതല്‍ സീറ്റുകള്‍ ജില്ലയില്‍ മിച്ചം വരും. എന്നാല്‍, മുന്‍ വര്‍ഷങ്ങളില്‍ മറ്റു കോഴ്‌സിന് പോയവര്‍ പ്ലസ് വണ്‍ പ്രവേശനത്തിന് കൂടുതലായെത്തിയാല്‍ സീറ്റുകള്‍ മിച്ചം വരില്ലെന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ വ്യക്തമാക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.