മൂവാറ്റുപുഴ: ഔദ്യോഗിക പദവി ദുര്‍വിനിയോഗം ചെയ്ത് അനധികൃത സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് അബ്ദുള്‍ മുത്തലിബിനെതിരെ അന്വേഷണം നടത്തുവാന്‍ ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ ത്വരിതാന്വേഷണത്തിന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി പി.മാധവന് ഉത്തരവായി.
കോണ്‍ട്രാക്ടറായ ആലുവ നേരെവീട്ടില്‍ സുനിജോണി, ആലുവ ഇറിഗേഷന്‍ സബ് ഡിവിഷന് ഓഫീസ് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സുമേഷ്കുമാര് എന്നിവര്‍ക്കെതിരേയും അന്വേഷണം നടത്തുവാന്‍ നിര്‍ദ്ദേശമുണ്ട്.
കിഴക്കേ കടുങ്ങല്ലൂര്‍ സ്വദേശി അബ്ദുള്‍ മജീദ് നല്കിയ ഹര്‍ജിയെ തുടര്‍ന്നാണ് ഉത്തരവ്. എറണാകുളം ജില്ല വിജിലന്‍സ് ആന്റി കറപ്ഷന്‍ സ്പെഷ്യല്‍ സെല്‍ എസ്പിയോട് അന്വേഷണം നടത്തി ജൂണ്‍ 30നകം റിപ്പോര്‍ട്ട് നല്കുവാന് ആവശ്യപ്പെട്ടിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് കീഴ്മാട് ഡിവിഷനില്‍നിന്നു വിജയിച്ച അബ്ദുള്‍ മുത്തലിബിന് ബിനാമി പേരുകളില്‍ 120 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് പരാതിക്കാരന് ഹര്‍ജിയില്‍ പറയുന്നു. കളക്ടര്‍, റിസര്‍വ് ബാങ്ക്, കെപിസിസി എന്നിവര്‍ക്ക് നല്കിയ പരാതിയുടെ രേഖയും കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: