തീ പടര്‍ന്നത് അടുക്കളയില്‍നിന്ന്

Thursday 18 May 2017 1:03 am IST

കൊച്ചി: ഇടപ്പള്ളി ഒബ്‌റോണ്‍ മാളിലെ തീപിടിത്തത്തെക്കുറിച്ച് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ പോലീസ് സയന്റിഫിക് അസിസ്റ്റന്റും പരിശോധന നടത്തി. പാലാരിവട്ടം പോലീസ് കേസെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ 11.15നാണ് മാളിലെ നാലാം നിലയിലെ ഫുഡ്‌കോര്‍ട്ടിലെ അടുക്കളയില്‍ നിന്ന് തീ പടര്‍ന്നത്. അഗ്‌നിശമന സേനയും മാളിലെ സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് തീയണച്ചത്. മാളിലെ അഗ്‌നിശമന സേന സംവിധാനം ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കാനായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ചിമ്മിണിയില്‍ പറ്റിപ്പിടിച്ച എണ്ണയും മാംസാവശിഷ്ടങ്ങളും ചേര്‍ന്ന പാളിയിലാണ് തീപിടിച്ചത്. കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന അഗ്‌നി ശമന സംവിധാനം ജീവനക്കാര്‍ പ്രവര്‍ത്തിപ്പിച്ചുവെങ്കിലും തീ പടരുന്നത് തടയാനായില്ല. തൃക്കാക്കരയില്‍ നിന്നെത്തിയ അഗ്‌നിശമന സേനയാണ് തീ അണയച്ചത്. സയന്റിഫിക് അസിസ്റ്റന്റ് മേരി ഷെറിന്‍, പാലാരിവട്ടം എഎസ്‌ഐ സാബു എന്നിവരുടെ നേതൃത്വത്തിലാണ് ബുധനാഴ്ച പരിശോധന നടത്തിയത്. സംഭവത്തില്‍ ഫയര്‍ ഒക്ക്യുറന്‍സിന് കേസെടുത്തു. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ സണ്ണി മാത്യവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രണ്ട് ദിവസങ്ങളിലായി മാളില്‍ പരിശോധന നടത്തിയത്. പ്രാഥമിക തെളിവെടുപ്പ് മാത്രമാണ് നടത്തിയിട്ടുള്ളതെന്നും പരിശോധന തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.