എസ്‌ഐക്കടക്കം ആറ് പോലീസുകാര്‍ക്ക് ഡെങ്കിപ്പനി

Thursday 18 May 2017 2:42 pm IST

ചാത്തന്നൂര്‍: പാരിപ്പള്ളി മേഖലയില്‍ ഡെങ്കിപ്പനി പടരുന്നു. പാരിപ്പള്ളി പോലീസ് സ്റ്റേഷനിലെ എസ്‌ഐ അടക്കം ആറു പോലീസുകാര്‍ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലാണ്. ഡെങ്കിപ്പനി രൂക്ഷമായി വ്യാപിച്ചിട്ടും ആരോഗ്യവകുപ്പ് അധികൃതര്‍ ശരിയായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്ന് ആക്ഷേപം. പാരിപ്പള്ളി മേഖലയിലെ ആശുപത്രികളില്‍ ഡെങ്കിപ്പനി ബാധിച്ച് ചികിത്സക്ക് എത്തുന്നവരുടെ എണ്ണം കൂടുന്നു. പാരിപ്പള്ളി പോലീസ് സ്റ്റേഷനിലെ എസ്‌ഐ അടക്കം ആറു പോലീസുകാരാണ് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ ഒരു വനിത പോലീസുകാരിക്ക് പാരിപ്പള്ളി പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ നിന്നും ഡെങ്കിപ്പനി സ്ഥിരീകരിച്ചപ്പോള്‍ ഡെങ്കിപ്പനി പിടിപെടുന്ന പോലീസുകാരുടെ എണ്ണം ഏഴാകുന്നു. എസ്‌ഐ രാജേഷ് ഡെങ്കിപ്പനി ബാധിച്ച് മൂന്ന് ദിവസമായി കൊല്ലത്തെ സ്വകാര്യമെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റ് പോലീസുകാര്‍ പാരിപ്പള്ളി മെഡിക്കല്‍കോളേജിലും മറ്റു വിവിധ സ്വകാര്യ ആശുപത്രികളിലുമായി ചികിത്സയിലാണ്. പോലീസുകാരുടെ കൂട്ടമായുള്ള മെഡിക്കല്‍ ലീവ് പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഡെങ്കിപ്പനി പാരിപ്പള്ളി പോലീസ് സ്റ്റേഷന്‍ ഉള്‍പ്പടെ പാരിപ്പള്ളി പ്രദേശങ്ങളില്‍ അതിരൂക്ഷമായി പടര്‍ന്നു പിടിക്കുന്ന സാഹചര്യം ഉണ്ടായിട്ടും ആരോഗ്യവകുപ്പ് പ്രധിരോധ നടപടികളോ മുന്‍കരുതലുകളോ എടുക്കുന്നില്ല. കഴിഞ്ഞ ദിവസം പാരിപ്പള്ളി പോലീസ് സ്റ്റേഷന്‍ പരിസരങ്ങളിലും ചിലയിടങ്ങളിലും കൊതുകിനെ തുരത്തുന്നതിനായി പുക അടിക്കുക മാത്രമാണ് ആരോഗ്യവകുപ്പ് ചെയ്തത്. കല്ലുവാതുക്കല്‍ പഞ്ചായത്തിലെ ചിറക്കര, പുത്തന്‍കുളം, പൂതക്കുളം മേഖലകളില്‍ നിരവധി ആള്‍ക്കാര്‍ക്ക് നേരത്തെ ഡെങ്കിപ്പനി ബാധിച്ചിരുന്നു. അതിനുശേഷമാണ് ഇപ്പോള്‍ പാരിപ്പള്ളി മേഖലയില്‍ പനി പടരുന്നത്. പാരിപ്പള്ളി മേഖലയിലെ ജനങ്ങള്‍ ഒന്നടങ്കം ഭീതിയിലാണ്. ആരോഗ്യവകുപ്പ് ഉടനടി ശരിയായ നടപടികള്‍ സ്വീകരിക്കണം.