ഏനാത്ത് പാലത്തിന്റെ തൂണു ചരിഞ്ഞുസ്ഥിതി ഗുരുതരം കാല്‍നടയാത്രയും നിരോധിച്ചു

Thursday 18 May 2017 8:41 pm IST

അടൂര്‍: ഏനാത്ത് പാലത്തിനുണ്ടായ ബലക്ഷയം പരിഹരിക്കുന്നതിനിടയില്‍ ഒരു തൂണ്‍ ചരിഞ്ഞതിനെ തുടര്‍ന്ന് പാലത്തിലൂടെയുള്ള കാല്‍നടയാത്രയും പൂര്‍ണ്ണമായും നിരോധിച്ചു. . കാല്‍നടയാത്രക്കാര്‍ തലങ്ങും വിലങ്ങും സഞ്ചരിക്കവെയാണ് വന്‍ ശബ്ദത്തോടെ പാലത്തിന്റെ ഒരു തൂണ്‍ കിഴക്കോട്ട് ചരിഞ്ഞത്.ബലക്ഷയം സംഭവിച്ച തൂണുകള്‍ പൊളിച്ച് നീക്കാനിരിക്കെയാണ് തെക്ക് നിന്നുള്ള രണ്ടാമത്തെ തൂണ് അടിത്തറ ഇളകി ഒരു വശത്തേക്ക് ചരിഞ്ഞത്. താല്‍ക്കാലിക തൂണുകളിലേക്ക് സ്പാന്‍ ഉയര്‍ത്തി പാലം ഉറപ്പിച്ച് നിര്‍ത്തിയ ശേഷം കോണ്‍ക്രീറ്റ് കട്ടര്‍ ഉപയോഗിച്ച് തൂണ് മുറിച്ച് മാറ്റാനായിരുന്നു തീരുമാനിച്ചിരുന്നത്. പാലം ഉയര്‍ത്തിയതോടെ അടിവശം പൂര്‍ണ്ണമായും ദ്രവിച്ച തൂണ്‍ ചരിഞ്ഞുവീഴുകയായിരുന്നു. തൂണ് ചരിഞ്ഞതറിഞ്ഞ് കെ.എസ്.റ്റി.പി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.കെ.എസ്.റ്റി.പി ചീഫ് എഞ്ചിനീയര്‍ ജീവരാജ്, ഡി സൈന്‍ വിഭാഗം ചീഫ് എഞ്ചിനീയര്‍ പെണ്ണമ്മ, ഡിസൈന്‍ വിഭാഗം ജോയിന്റ് ഡയറക്ടര്‍ സജു.കെ.എസ്.ടി.പി സുപ്രണ്ടിംഗ് എഞ്ചിനിയര്‍ ദീപു എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി.എസ്.ഗീത, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അശോകന്‍, റോഷ് മോന്‍ എന്നിവര്‍ സ്ഥലത്ത് എത്തിയത്.നേരത്തെ തകരാറിലായിരുന്ന വെല്‍ഫൗണ്ടേഷന്‍ പൊട്ടി താഴ്ന്നത് മൂലമാണ് പിയര്‍ ചരിഞ്ഞതെന്നാണ് നിഗമനം. കിണര്‍ കൂടുതല്‍ താഴ്ന്നാല്‍ ചരിഞ്ഞിരിക്കുന്ന തൂണ്‍ ,പാലത്തിന്റെ ഡക്ക് സ്ലാബ് ഉയര്‍ത്തി വച്ചിരിക്കുന്ന താല്ക്കാലിക ഇരുമ്പ് തൂണിന് മുകളിലേക്ക് മറിയുമോ എന്നാശങ്കയും ഉണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഇരുമ്പ് തൂണില്‍ താല്ക്കാലികമായി ഉറപ്പിച്ച സ്ലാബ് കൂടി നിലംപൊത്തി അപകടം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. തൂണിന്റെ ചരിഞ്ഞു നില്ക്കുന്ന വശത്തുള്ള കോണ്‍ക്രീറ്റ് ഭാഗം കട്ടര്‍ ഉപയോഗിച്ച് മുറിച്ച് നീക്കാനാണ് തീരുമാനം. മദ്രാസ് ഐ ഐ.റ്റിയില്‍ നിന്നും വിരമിച്ചമുന്‍ ഉദ്യോഗസ്ഥനും വിദഗ്ദ്ധനുമായ ഡോ.അരവിന്ദനെ ഇക്കാര്യം ധരിപ്പിക്കും. അദ്ദേഹത്തിന്റെ അഭിപ്രായം ആരാഞ്ഞശേഷമാകും തുടര്‍ നടപടിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാലത്തിന്റെ ബലക്ഷയം ഗുരുതരമാണന്നും പരിഹരിക്കാന്‍ ആറ് മാസം വരെ സമയം എടുക്കുമെന്നും നേരത്തെ സ്ഥലം സന്ദര്‍ശിച്ച മദ്രാസ് ഐ.ഐ.ടിയിലെ റിട്ട. പ്രൊഫസര്‍ ഡോ. അരവിന്ദ് വ്യക്തമാക്കിയിരുന്നു. വാഹനങ്ങളോ, ആളുകളോ ഇതിന് മുകളില്‍ കുടി പോയാല്‍ പോലും തകരുന്ന അത്ര ഗുരുതരായ അവസ്ഥയിലാണ് പാലം ഇപ്പോഴുള്ളതെന്നും ഗതാഗതം പൂര്‍ണ്ണായും നിര്‍ത്തിവെക്കാനും കാല്‍നടയാത്ര പോലും ഈ ഭാഗത്ത് കൂടി ഒഴിവാക്കണമെന്നും അന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇന്നലെ തൂണ്‍ ചരിഞ്ഞപ്പോഴാണ് എത്രമാത്രം ഗുരുതരാവസ്ഥയിലാണ് പാലം എന്ന് ജനങ്ങള്‍ക്ക് ബോധ്യമായത്.പാലത്തിലൂടെയുള്ള കാല്‍നടകൂടി നിരോധിച്ചതോടെഇനി യാത്രക്ക് കാല്‍നടയാത്രക്കാരും ബെയ്‌ലിപാലത്തെ ആശ്രയിക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.