ഭീമന്‍ റോക്കറ്റ് അടുത്തമാസം കുതിക്കും

Thursday 18 May 2017 8:42 pm IST

ചെന്നൈ: ഐഎസ്ആര്‍ഒ ഇതുവരെ നിര്‍മ്മിച്ചിട്ടുള്ളതില്‍ വെച്ചേറ്റവും വലിയ റോക്കറ്റ്( ഉപഗ്രഹ വിക്ഷേപണ വാഹനം) വിക്ഷേപണത്തിന് സജ്ജമാകുന്നു. 640 ടണ്‍ ഭാരമാണ് മാര്‍ക്ക് മൂന്ന് ഭൗമസ്ഥിര ഉപഗ്രഹ വിക്ഷേപണ വാഹന (ജിഎസ്എല്‍വി മാര്‍ക്ക് മൂന്ന്)ത്തിനുള്ളത്. വലിയ ഉപഗ്രഹങ്ങള്‍ അയക്കാന്‍ കൂടുതല്‍ ശേഷിയുള്ള റോക്കറ്റുകള്‍ വേണം. ഇന്ത്യ സ്വന്തമായി നിര്‍മ്മിച്ച വലിയ അതിശീത (ക്രയോജനിക്) എന്‍ജിനാണ് മാര്‍ക്ക് മൂന്ന് ജിഎസ്എല്‍വിയുടെ പ്രത്യേകത. 12 വര്‍ഷത്തെ അധ്വാനമാണ് അടുത്ത മാസം പൂവണിയുക. വിഎസ്എസ്‌സി ഡയറക്ടര്‍ കെ.ശിവന്‍ പറയുന്നു. ശ്രീഹരിക്കോട്ടയില്‍ നിന്നാണ് വിക്ഷേപണം. സ്ട്രാപ്പ് ഓണ്‍ മോട്ടോറുകളും സുപ്രധാന ഘട്ടങ്ങളും സംയോജിപ്പിച്ചുകഴിഞ്ഞു. ജിസാറ്റ് 19 എന്ന ഉപഗ്രഹമാകും ഇതില്‍ ബഹിരാകാശത്തേക്ക് അയക്കുക. ഇതിന്റെ ഭാരം 3.2 ടണ്ണാണ്. ക്രമണേ ഈ ശേഷി വര്‍ദ്ധിപ്പിക്കും. ഉപഗ്രഹത്തിന്റെ കാലാവധി 15 വര്‍ഷമാണ്. കെ എ, ക്യൂ ബാന്‍ഡ് ട്രാന്‍സ്‌പോണ്ടറുകളാകും ഇതില്‍. 2014ല്‍ 3.7 ടണ്‍ ഭാരമുള്ള ഉപഗ്രഹം ഭീമന്‍ റോക്കറ്റില്‍ വിക്ഷേപിച്ചെങ്കിലും ആ റോക്കറ്റില്‍ ക്രയോജനിക് എന്‍ജിനായിരുന്നില്ല. 43.43 മീറ്ററാണ് റോക്കറ്റിന്റെ ഉയരം. വ്യാസം നാലു മീറ്റര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.