ഓഫീസര്‍ ട്രെയിനി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു; ദുരൂഹത

Thursday 18 May 2017 7:21 pm IST

സൂരജ്

കണ്ണൂര്‍: ഏഴിമല നാവിക അക്കാദമിയില്‍ ഓഫീസര്‍ ട്രെയിനി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. മലപ്പുറം തിരൂര്‍ കാനല്ലൂരിലെ പുത്രക്കാട്ട് ഹൗസില്‍ റിട്ട.നേവി ഉദ്യോഗസ്ഥന്‍ ഗൂഡെപ്പാ രമണയുടേയും പുഷ്പലതയുടേയും മകന്‍ സൂരജ് (26) ആണ് ഇന്നലെ പുലര്‍ച്ചെ 2.30 മണിയോടെ പരിയാരം മെഡിക്കല്‍ കോളേജില്‍ മരിച്ചത്. ബുധനാഴ്ച വൈകുന്നേരം 5.30 ഓടെ അക്കാദമിയുടെ രണ്ടാം നിലയില്‍ നിന്ന് താഴെവീണ് അബോധവസ്ഥയിലാവുകയും തുടര്‍ന്ന് അക്കാദമി ആശുപത്രിയിലും നില ഗുരുതരമായതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയുമായിരുന്നു.

മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. 2010ല്‍ നാവിക സേനയില്‍ സെയിലറായി ചേര്‍ന്ന സൂരജ് പരീക്ഷ എഴുതി പാസ്സായ ശേഷം 2013ലാണ് ഓഫീസര്‍ ട്രെയിനിയായി ഏഴിമലയില്‍ പരിശീലനത്തിന് എത്തിയത്. തുടര്‍ന്നിങ്ങോട്ട് തെറ്റായ വഴിയിലൂടെയാണ് ഓഫീസര്‍ ട്രെയിനിയായി ജോലി ലഭിച്ചതെന്ന് ചൂണ്ടിക്കാട്ടി നാവിക അക്കാദമി അധികൃതര്‍ സൂരജിനെ പല രീതിയില്‍ പീഡിപ്പിച്ചു വന്നതായി ഇയാളുടെ സഹോദരന്‍ സനോജ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.

2015ല്‍ രണ്ടാം സെമസ്റ്റര്‍ പരിശീലനത്തിനിടെ സൂരജിനെ പിരിച്ചുവിട്ടതായും ഒടുവില്‍ നേവല്‍ അക്കാദമി അധികൃതര്‍ക്കെതിരെ നിയമ പോരാട്ടത്തിനൊടുവില്‍ അനുകൂല വിധി സമ്പാദിച്ച് കഴിഞ്ഞ ഫെബ്രവരിയില്‍ വീണ്ടും അക്കാദമിയില്‍ ചേരുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.

അതേസമയം അക്കാദമിയുടെ കെട്ടിടത്തിന് മുകളില്‍ നിന്ന് എടുത്തുചാടുകയായിരുന്നുവെന്നും സംഭവവുമായി ബന്ധപ്പെട്ട് സതേണ്‍ നേവല്‍ കമാണ്ട് അന്വേഷണത്തിന് ഉത്തരവിട്ടതായും അക്കാദമി അധികൃതര്‍ അറിയിച്ചു. മൃതദേഹം പരിയാരത്ത് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം തിരൂരിലേക്ക് കൊണ്ടു പോയി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.