അപകടക്കെണിയായി കുപ്പിക്കഴുത്ത് പാലങ്ങള്‍

Thursday 18 May 2017 7:51 pm IST

കുട്ടനാട്: ആലപ്പുഴ- ചങ്ങനാശേരി റോഡിലെ ഇടുങ്ങിയ പാലങ്ങള്‍ അപകട കെണിയായി. നേര്‍രേഖയിലുള്ള റോഡില്‍ കൂടിയുള്ള അമിത വേഗത്തിലെത്തുന്ന വാഹനങ്ങള്‍ക്ക് അപകട ഭീഷണി ഉയര്‍ത്തുകയാണ് റോഡിനേക്കാളും വീതി കുറഞ്ഞ പാലങ്ങള്‍. സ്ഥിരമായി ഇതുവഴി പോകുന്നവര്‍ ഒഴികെയുള്ളവര്‍ പലപ്പോഴും അപകടത്തില്‍പ്പെടുന്നതും പതാവാണ്. 24 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡില്‍ പത്തോളം ഇടുങ്ങിയ പാലങ്ങളാണുള്ളത്. പക്കി, പണ്ടാരക്കുളം, പൊങ്ങ, പാറശേരി, മങ്കൊമ്പ്, ഒന്നാംകര, മാമ്പുഴക്കരി, കിടങ്ങറ ഒന്നാം പാലം, മനക്കയ്ച്ചിറ പാലങ്ങളാണ് എസി റോഡിലെ ഇടുങ്ങിയ പാലങ്ങള്‍. ഇതില്‍ ഒട്ടുമിക്ക പാലങ്ങളിലും കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. മങ്കൊമ്പ്, ഒന്നാങ്കര, മാമ്പുഴക്കരി പാലങ്ങള്‍ക്കു സമാന്തരമായി നടപ്പാലങ്ങള്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും ഇതു പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. രാത്രിയിലും പുലര്‍ച്ചെയുമാണു പാലങ്ങളില്‍ അപകടങ്ങള്‍ പതിവാകുന്നത്. പാലത്തിനു സമീപം വെളിച്ചമില്ലാത്തത് ഈ സമയങ്ങളിലെ അപകടങ്ങള്‍ക്കു കാരണമാകുന്നു. അപകടങ്ങള്‍ പെരുകിയതോടെ പാലങ്ങളുടെ ഇരു കരകളിലും അധികൃതര്‍ സിഗ്‌നല്‍ ലൈറ്റുകള്‍ അടുത്തിടെ സ്ഥാപിച്ചിരുന്നു. എസി റോഡ് ആലപ്പുഴ-കൊടൈക്കനാല്‍ ദേശിപാതയാക്കുന്നതിന്റെ ഭാഗമായി പാലങ്ങള്‍ വീതികൂട്ടുന്നതിനായുള്ള മണ്ണുപരിശോധനകള്‍ നടന്നിരുന്നു. പാലങ്ങളിലെ വെളിച്ചക്കുറവ് അടിയന്തരമായി പരിഹരിക്കണമെന്നും പാലങ്ങള്‍ക്ക് അരകിലോമീറ്റര്‍ മുന്‍പായെങ്കിലും അപകട മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നുമാണു ആവശ്യം ഉയരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.