സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ റെയ്ഡ് ക്രമക്കേടുകള്‍ കണ്ടെത്തി

Thursday 18 May 2017 8:25 pm IST

ഇടുക്കി: ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ ഇടുക്കി, ഉടുമ്പന്‍ചോല സപ്ലൈ ഓഫീസര്‍മാര്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ സംയുക്തമായി നടത്തിയ മിന്നല്‍ പരിശോധനയില്‍ ഉടുമ്പന്‍ചോല താലൂക്കിലെ നെടുങ്കണ്ടം, ഉടുമ്പന്‍ചോല, രാജകുമാരി, രാജാക്കാട്, പൂപ്പാറ എന്നിവിടങ്ങളിലെ പഴം പച്ചക്കറി വ്യാപാരസ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, പലചരക്ക് സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. വാണിജ്യാവശ്യത്തിനായി ഉപയോഗിച്ചുകൊണ്ടിരുന്ന എട്ട് ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ കണ്ടുകെട്ടുകയും 23 പലചരക്ക് കടകള്‍ക്കെതിരെയും ഒന്‍പത് പച്ചക്കറികടകള്‍ക്കെതിരെയും 20 ഹോട്ടലുകള്‍ക്കെതിരെയും അവശ്യസാധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും ചെയ്തു. പരിശോധനയില്‍ രണ്ട് പെട്രോള്‍ പമ്പിലും ക്രമക്കേടുകള്‍ കണ്ടെത്തി. തൊടുപുഴ, പീരുമേട് താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ , റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ സംയുക്തമായി തൊടുപുഴ മുന്‍സിപ്പാലിറ്റി പ്രദേശത്തെ പൊതുവിപണിയില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ മൂന്ന് പലചരക്ക് കടകള്‍ക്കെതിരെയും എട്ട് പച്ചക്കറികടകള്‍ക്കെതിരെയും ഒരു ഹോട്ടലിനെതിരെയും കേസെടുത്തിട്ടുണ്ട്. ജില്ലയില്‍ വരും ദിവസങ്ങളില്‍ പൊതുവിപണി പരിശോധന കര്‍ശനമായി തുടരുമെന്നും ക്രമക്കേടുകള്‍ കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ എന്‍. ജ്ഞാനപ്രകാശം അറിയിച്ചു.