ദവെ-നദികളുടെ കാവലാള്‍

Thursday 18 May 2017 9:49 pm IST

നിളാ വിചാരവേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന നിളാ പരിക്രമയുടെ ഭാഗമായി മഹാകവി അക്കിത്തത്തെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി അനില്‍ ദവെ പൊന്നാട അണിയിക്കുന്നു.

പാരിസ്ഥിതിക സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളവരില്‍ വളരെ ചുരുക്കം ചിലര്‍ മാത്രമേ കേന്ദ്ര അധികാര സ്ഥാനങ്ങളില്‍ നാളിതുവരെ എത്തിയിട്ടുള്ളൂ. എന്നാല്‍ പരിസ്ഥിതിയോടുള്ള വിധേയത്വവും പ്രതിബദ്ധതയും കൊണ്ടുമാത്രം കേന്ദ്രമന്ത്രിസ്ഥാനത്തേക്ക് എത്തിച്ചേരാന്‍ കഴിഞ്ഞ പ്രതിഭാധനനാണ് അനില്‍ മാധവ് ദവെ. ലളിത ജീവിതശൈലിയും, സരളമായ സംഭാഷണ ചാതുര്യവും കൊണ്ട് ഏവരെയും ആകര്‍ഷിച്ച ഉജ്ജ്വലവ്യക്തിത്വം ദേശീയ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. അതുകൊണ്ടുതന്നെ ദവെജിയുടെ വേര്‍പാട് നാടിന് തീരാനഷ്ടമാണ്.

പത്തുവര്‍ഷങ്ങള്‍ക്കു മുമ്പാണ് അനില്‍ ദവെജി കേരളത്തില്‍ എത്തുന്നത്. നിളാ നദീസംരക്ഷണത്തിന്റെ ഭാഗമായി നടന്ന ജനകീയ കൂട്ടായ്മയില്‍ അദ്ദേഹവും പങ്കെടുത്തു. ദേശീയ നദീസംരക്ഷണ പ്രസ്ഥാനത്തിന്റെ നെടുനായകത്വം വഹിച്ച് ഭാരതത്തിലുടനീളം പര്യടനം നടത്തിവരവെയാണ് അദ്ദേഹം നിളാതീരത്തെത്തിയത്. നദികള്‍ യാതൊരു ദാക്ഷിണ്യവും കൂടാതെ നശിപ്പിക്കുകയും വറ്റിവരണ്ട് മരുഭൂമിയാകുകയും ചെയ്യുന്നതു കണ്ട് മനോവേദനയോടുകൂടി അരുതേയെന്ന് അദ്ദേഹം വികാരാധീനനായി സംസാരിച്ചത് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കാര്‍ക്കും ഒരിക്കലും മറക്കാനാവില്ല. നദിയെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്ത കാവലാളായിരുന്നു അദ്ദേഹം.

നദികള്‍ നാടിന്റെ രക്തക്കുഴലുകളാണെന്നും അവ നശിച്ചാല്‍ നാടിന്റെ മരണമാണ് സംഭവിക്കുന്നതെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചു. ചെറിയ സ്വകാര്യ സംഭാഷണങ്ങളില്‍പോലും നദികളെ സ്പര്‍ശിക്കുന്ന കാര്യങ്ങളിലൂടെ മാത്രമേ സംഭാഷണം അവസാനിപ്പിക്കാറുള്ളൂ. അത്രകണ്ട് നദികള്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രേരണാസ്രോതസ്സും ആശയകേന്ദ്രവുമായിരുന്നു.

പിന്നീട് കേന്ദ്ര പരിസ്ഥിതി മന്ത്രിയായി ചുമതലയേറ്റശേഷം ഇദ്ദേഹത്തെ ഓഫീസില്‍വച്ച് കണ്ടതും സംസാരിച്ചതും ഇപ്പോഴും ഓര്‍ക്കുന്നു. ആറന്മുള വിമാനത്താവളത്തിനെതിരെ നടന്നുവന്ന പൊതുജന പ്രക്ഷോഭവും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നല്‍കിയ അനുമതിയുമായിരുന്നു ചര്‍ച്ചാവിഷയം. എന്‍വയേണ്‍മെന്റല്‍ ഇംപാക്ട് അസസ്‌മെന്റ് കമ്മറ്റി പാരിസ്ഥിതിക പഠനത്തിന് അനുമതി നല്‍കാനുള്ള നീക്കങ്ങളില്‍ പ്രതിഷേധം അറിയിച്ചുകൊണ്ടുള്ള നിവേദനവും ഞാന്‍ അദ്ദേഹത്തിന് നല്‍കുകയുണ്ടായി. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന ഒരു നീക്കത്തിനും തന്റെ മന്ത്രാലയം അനുമതി നല്‍കില്ലെന്ന് മന്ത്രി തറപ്പിച്ചു പറഞ്ഞു. ഒരു പരിസ്ഥിതി സ്‌നേഹിയുടെ അടങ്ങാത്ത നിശ്ചയദാര്‍ഢ്യത്തിന്റെ ധീരമായ ശബ്ദമാണ് ആ കണ്ഠത്തില്‍ നിന്നും മുഴങ്ങിക്കേട്ടത്.

ഇംപാക്ട് അസസ്‌മെന്റ് കമ്മറ്റി ചെയര്‍മാനെ ഫോണില്‍ ബന്ധപ്പെട്ട് പഠനം നടത്താനുള്ള തീരുമാനം ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടു. തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള ചടുലതയും നടപ്പിലാക്കുന്നതിനുള്ള കാര്‍ക്കശ്യവും ദവെജിയുടെ പ്രവര്‍ത്തന സവിശേഷതകളാണ്.
പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ മുന്നോട്ടു വച്ച ഏകാത്മ മാനവ ദര്‍ശനത്തെ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ അദ്ദേഹം കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിക്കുകയുണ്ടായി. ലേഖനങ്ങള്‍, പ്രബന്ധങ്ങള്‍, പുസ്തകങ്ങള്‍, ചര്‍ച്ചകള്‍, സെമിനാറുകള്‍ തുടങ്ങിയവയിലൂടെ വ്യാപകമായി ആശയപ്രചാരണം നടത്തുന്നതിന് നിരന്തരമായി അദ്ദേഹം യാത്ര ചെയ്തു. ഈ വിഷയവുമായി ബന്ധപ്പെട്ട് അദ്ദേഹം പുറത്തിറക്കിയിട്ടുള്ള പുസ്തകങ്ങള്‍ ഏവര്‍ക്കും മാര്‍ഗ്ഗദര്‍ശകമാണ്. പല ക്യാമ്പുകളിലും സെമിനാറുകളിലും ദീനദയാല്‍ജിയെക്കുറിച്ചും, ദര്‍ശനങ്ങളെക്കുറിച്ചും ക്ലാസുകള്‍ എടുക്കുന്നത് ദവെജിയായിരുന്നു.

ദല്‍ഹി അശോക ഹോട്ടലില്‍ ജന്മഭൂമി ദിനപ്പത്രം സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ അദ്ദേഹം നടത്തിയ പ്രഭാഷണം വിജ്ഞാനപ്രദമായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ജനക്ഷേമ പദ്ധതികളെക്കുറിച്ച് വളരെ ലളിതവും സരളവുമായാണ് അദ്ദേഹം വിശദീകരിച്ചത്. ഏറെ പ്രതിഷേധവും വിവാദവും ഉണ്ടാക്കിയ ആറന്മുള വിമാനത്താവളത്തിനുള്ള പരിസ്ഥിതി പഠനത്തിന് അനുമതി നല്‍കിയ സന്ദര്‍ഭത്തിലാണ് അദ്ദേഹം കോണ്‍ക്ലേവില്‍ എത്തുന്നത്. അതുകൊണ്ടുതന്നെ മാദ്ധ്യമങ്ങള്‍ വളരെ താത്പര്യപൂര്‍വ്വം അദ്ദേഹത്തിന്റെ വിശദീകരണം അറിയാന്‍ അശോകാ ഹോട്ടലിലെത്തിയിരുന്നു. പ്രസംഗത്തിനുശേഷം പുറത്തേക്കിറങ്ങിയ അദ്ദേഹത്തെ മാദ്ധ്യമപ്രവര്‍ത്തകര്‍ വളഞ്ഞു. ഒന്നോ രണ്ടോ വാചകം കൊണ്ട് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി. വിമാനത്താവളത്തിന് തത്ത്വത്തില്‍ അംഗീകാരം നല്‍കിയത് സംസ്ഥാന സര്‍ക്കാരാണെന്നും അത് പിന്‍വലിച്ചാല്‍ പ്രശ്‌നം അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് ഒരു ചോദ്യവും ചോദിക്കാന്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നില്ല.

ഒരുമാസം മുമ്പ് ദവെജിയെ സ്വവസതിയില്‍വച്ചാണ് കണ്ടത്. വീട്ടുമുറ്റത്തെ മരത്തിന്റെ ചുവട്ടില്‍ സായംസന്ധ്യാവേളയില്‍ കുശലം പറഞ്ഞുകൊണ്ടിരുന്ന ദവെജിയെ മറക്കാനാവില്ല. പക്ഷിമൃഗാദികളാലും സസ്യലതാദികളാലും നിബിഡമായ വീട്ടുമുറ്റത്തെ കൂടിക്കാഴ്ച പ്രേരണാദായകമായിരുന്നു. അടുത്ത പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് നിളാതീരത്തു നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാമെന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്തു.

ഏറെ നാളായി കിടപ്പിലായിരുന്നുവെന്നും ഓഫീസ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാറില്ലായിരുന്നുവെന്നും സെക്രട്ടറി പറഞ്ഞപ്പോഴാണ് അസുഖത്തിന്റെ കാഠിന്യം മനസ്സിലായത്. എല്ലാം ഭേദമായെന്നും പഴയ നിലയില്‍ തന്നെ ഓഫീസ് കാര്യങ്ങള്‍ ചെയ്യുന്നുവെന്നും പിന്നീട് കണ്ടപ്പോള്‍ മന്ത്രി പറഞ്ഞു. കേരളത്തിലെ പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് ദീര്‍ഘമായി ചര്‍ച്ച ചെയ്തു. മൂന്നാര്‍ കയ്യേറ്റത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന ബിജെപി സംസ്ഥാന ഘടകത്തിന്റെ നിവേദനം ഞാന്‍ നല്‍കി. പൂര്‍ണ്ണമായി വായിച്ചശേഷം കേന്ദ്ര സംഘത്തെ അയയ്ക്കാമെന്നും മന്ത്രി ഉറപ്പു നല്‍കി.

മൂന്നാറില്‍ നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന കയ്യേറ്റങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠയും അമര്‍ഷവും അദ്ദേഹത്തിന്റെ സംസാരങ്ങളില്‍ പ്രകടമായിരുന്നു. രണ്ടു ദിവസങ്ങള്‍ക്കുശേഷം രാജീവ് ചന്ദ്രശേഖര്‍ എംപി വീണ്ടും ദവെജിയെ സന്ദര്‍ശിച്ചു. മൂന്നാറില്‍ ഇടപെടണമെന്നും എംപി ആവശ്യപ്പെട്ടു. വിദഗ്ദ്ധരായിട്ടുള്ളവരെ കണ്ടെത്തി അവരെ കഴിയുംവേഗം മൂന്നാറിലേക്ക് അയക്കാമെന്ന് ദവെജി അറിയിക്കുകയുണ്ടായി.

നിള, ആറന്മുള, മൂന്നാര്‍ വിഷയങ്ങളില്‍ തികച്ചും സത്യസന്ധവും ആത്മാര്‍ത്ഥവുമായ ഇടപെടലാണ് ദവെജിയുടെ ഭാഗത്തുനിന്നുമുണ്ടായത്. പ്രകൃത്യാതന്നെ പരിസ്ഥിതി സംരക്ഷകനാകയാല്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിലും അതിന്റെ പ്രതിഫലനങ്ങള്‍ ഏവര്‍ക്കും ദൃശ്യമായിരുന്നു. നാടിനെക്കുറിച്ചുള്ള വിശാലമായ കാഴ്ചപ്പാടും ദേശീയതയിലൂന്നിയ നിലപാടുകളും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണമായും നിഴലിച്ചിരുന്നത്. ഭാരതത്തിന്റെ ഭാഗ്യവിധാതാവ് പരിസ്ഥിതിയാണെന്ന തിരിച്ചറിവില്‍ നാടിനുവേണ്ടിയുള്ള സമര്‍പ്പിച്ച ജീവിതം ദവെജിയെ എന്നും അമരനാക്കുന്നു.