തിരുവനന്തപുരം: എയ്ഡഡ് വിദ്യാഭ്യാസമേഖലയിലെ എല്ലാ നിയമനങ്ങള്‍ക്കും പൊതുനിയമം ബാധകമാക്കുന്നതിനായി എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്സി മുഖേന ആക്കണമെന്ന് നിയമസഭാ സമിതി റിപ്പോര്‍ട്ട്. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ സംവരണം സംബന്ധിച്ച് റ്റി.വി. രാജേഷ് അധ്യക്ഷനായ സമിതിയാണ് ശുപാര്‍ശ നല്‍കിയത്.
സര്‍ക്കാരിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന എയ്ഡഡ് സ്കൂളില്‍ സര്‍ക്കാര്‍ സ്കൂളുകളിലേതുപോലെ സംവരണതത്വം പാലിക്കണം. സര്‍ക്കാര്‍ സ്ഥാപനത്തിലെന്നപോലെ എയ്ഡഡ് സ്കൂളുകളും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് നിയമനങ്ങളില്‍ അര്‍ഹമായ പ്രാതിനിധ്യം ഉറപ്പുവരുത്തണം.
മൈനോറിറ്റി സ്റ്റാറ്റസുള്ള എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സീനിയോറിറ്റി, യോഗ്യത എന്നീ പൊതു മാനദണ്ഡങ്ങള്‍ പാലിച്ചുതന്നെ നിയമനങ്ങളും സ്ഥാനക്കയറ്റങ്ങളും നടത്തണം.
ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ അനധ്യാപക തസ്തികകള്‍ നാമാത്രമായതിനാല് സ്കൂളുകളുടെ മികച്ച പ്രവര്‍ത്തനത്തിന് സഹായകരമാകുന്ന രീതിയില്‍ ആവശ്യമായ അനധ്യാപക തസ്തികകള്‍ സൃഷ്ടിച്ച് സംവരണ പ്രകാരം നിയമനം നടത്തണമെന്നും സമിതി ശുപാര്‍ശ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: