ദയനീയസ്ഥിതി മാറി

Thursday 18 May 2017 9:31 pm IST

 

ഭഗിനി നിവേദിത

അഞ്ചാമത്തെഉപകരണമാണ് ക്ഷേത്രം. അവിടെ മാത്രമാണ് ഇന്ന് വിലക്കുള്ളത്. നിവേദിതയുടെ ജീവിതത്തെക്കുറിച്ച് തന്നെ ഓര്‍ക്കുക-ഹിന്ദുധര്‍മത്തിന്റെ സേവനത്തിനുവേണ്ടി സ്വന്തം ഗുരുവിനാല്‍ നിവേദിക്കപ്പെട്ട് നിവേദിതയായിത്തീര്‍ന്ന പൂര്‍വാശ്രമത്തിലെ ‘മാര്‍ഗരറ്റ് നോബിള്‍’ ആദ്യത്തെ നാലുപകരണങ്ങളില്‍ കൂടി കരുപ്പിടിപ്പിക്കപ്പെടാന്‍ ഭാഗ്യം സിദ്ധിച്ചവരായിരുന്നു. അവര്‍ വേദവും ഉപനിഷത്തും പഠിച്ചു. വിവേകാനന്ദന്റെ തിരുവായ്‌മൊഴികേട്ട് വളര്‍ന്നു.

ശാരദാമണിയുടെ പരിലാളനയില്‍ ജീവിച്ചു, ഗംഗാസ്‌നാനം ചെയ്തു. എന്നാല്‍ അഞ്ചാമുപകരണം അവരെ തള്ളിക്കളഞ്ഞു. സ്വന്തം ഗുരുവിന്റെ കൂടെ അമര്‍നാഥക്ഷേത്രത്തില്‍ എത്തിയ അവരെ ക്ഷേത്രം ഭാരവാഹികള്‍ തടഞ്ഞു! അഭികാമ്യമെന്ന് പറയട്ടെ, മറ്റു പല ക്ഷേത്രക്കാരും അങ്ങനെ പ്രവര്‍ത്തിച്ചില്ല. അതുതന്നെയാണ് ഇന്നും ആവര്‍ത്തിക്കപ്പെടുന്നത്. പക്ഷേ, 85 കൊല്ലം മുന്‍പുള്ള അന്നത്തെ ഭാരതവും ഹിന്ദുത്വവുമല്ല ഇന്ന് എന്ന് ഓര്‍ക്കേണ്ടതുണ്ട്.

ഗത്യന്തരമില്ലാതെയാകാം; ഞെട്ടലേറ്റായിരിക്കാം. ഹിന്ദുസമാജം ഇന്ന് ഉണര്‍ന്ന് തുടങ്ങിയിരിക്കുന്നു. ചുറ്റുമുള്ള ഒഴുക്കുകളും എതിരൊഴുക്കുകളും നോക്കിക്കണ്ടു മനസ്സിലാക്കാന്‍ തുടങ്ങിയിരിക്കുന്നു. ഉടനെയോ വൈകിയോ വൈമനസ്യത്തോടെയോ ആകാം, വേണ്ട പരിഹാരം കണ്ടെത്തുന്നു. പലരും ശങ്കിക്കുന്നതുപോലെ അതില്‍ നഷ്ടപ്പെടാനല്ല നേടാനാണുള്ളത് എന്ന് അനുഭവിച്ചുതുടങ്ങിയിരിക്കുന്നു. സെമിറ്റിക് മതങ്ങളിലെ പുരോഹിതവര്‍ഗത്തിന്റെ നീരാളിപ്പിടുത്തം പണ്ടേ മുതല്‍ ഇല്ലാത്ത ഇവിടെ; ഉല്‍പതിഷ്ണുപക്ഷത്തിന് നെടുതായ വിലങ്ങുതടികളില്ലാതെ സമാജാഭിവൃദ്ധിക്കുവേണ്ടി പൂര്‍വാപരാധാനങ്ങള്‍ തിരുത്താന്‍ കഴിയുന്നു.

ഈ അനുഭവം വച്ചുനോക്കുമ്പോള്‍ ഈ പ്രഭാത സന്ധ്യയിലെ പ്രശ്‌നത്തിനും ഹിന്ദുസമാജം അടുത്തുതന്നെ പരിഹാരം കണ്ടെത്തുമെന്നുള്ളത് സംശയമില്ലാത്ത കാര്യമാണ്. തിരിച്ചുവരുന്ന ധൂര്‍ത്തപുത്രന്മാര്‍ക്കും തിരിഞ്ഞുവരുന്ന ദത്തുപുത്രന്മാര്‍ക്കും വെളിച്ചവും തൃപ്തിയും അരുളുന്ന കാര്യത്തില്‍ മേല്‍പ്പറഞ്ഞ അഞ്ചുപകരണങ്ങളില്‍ നാലെണ്ണം പ്രയോഗത്തില്‍ വന്നു കഴിഞ്ഞിരിക്കുന്നു. ഇനി അവസാനത്തെ ഒന്നുമാത്രമേ പിന്തുടരാനുള്ളൂ. ഉള്ളിലുള്ളതു ചുരുട്ടിപ്പിടിച്ച കൈമുഷ്ടിയുടെ നാലുവിരലുകള്‍ നിവര്‍ന്നുകഴിഞ്ഞിരിക്കുന്നു. ഇനി പെരുവിരല്‍ മാത്രമേ നിവരാനുള്ളൂ. അതുകൂടി കഴിഞ്ഞാല്‍ ആധുനിക നവോത്ഥിത ഹിന്ദുത്വത്തിന്റെ വരദഹസ്തം ഉയരുകയായി.

ഇതു പറയുമ്പോള്‍ സദുദ്ദേശ്യത്തോടുകൂടി തന്നെ ചില ഹൈന്ദവ ബന്ധുക്കള്‍ ഭയാശങ്കകള്‍ പ്രകടിപ്പിക്കാറുണ്ട്. അവരെ നമുക്ക് കുറ്റം പറഞ്ഞുകൂടാ. മുന്‍പത്തെ അനുഭവം വച്ച്, നമ്മുടെ ധര്‍മസ്ഥാപനങ്ങള്‍ തകര്‍ക്കപ്പെടാതിരിക്കാനുള്ള തീവ്രമായ പ്രതിബദ്ധതയോടുകൂടിയാണവര്‍ അങ്ങനെ പറയുന്നത്. എന്നാല്‍ അവരും ഇന്നത്തെ ജാഗരണപ്രവാഹത്തില്‍ ആനയിക്കപ്പെട്ടാല്‍ അവരുടെ ഭയാശങ്കകളും മാറും. നീണ്ട ഉറക്കത്തില്‍ സത്യമാണെന്ന് തോന്നിയ അതിഭയാനകമായ സ്വപ്നത്തില്‍നിന്ന് ഞെട്ടിയുണര്‍ന്നുകഴിഞ്ഞിട്ടും കുറേ നേരത്തേക്ക് തുടരുന്ന നെഞ്ചിടിക്കല്‍ പോലെയാണ് അവരുടെ ഉള്‍വിറ. ശരിക്കുമുണര്‍ന്നുകഴിഞ്ഞാല്‍ അതുമാറും. ആ മാറ്റത്തില്‍ സ്വപ്നത്തില്‍ നിന്നുണര്‍ന്നവനെപ്പോലെ അവര്‍ ആശ്വാസത്തോടെ സന്തോഷിക്കുകയും ചെയ്യും.

ത്വരിതഗതിയില്‍ ഇന്ന് ഹിന്ദുവിന്റെ അസംഘടിതാവസ്ഥ മാറി വരുന്നു. യുവാക്കന്മാര്‍ക്കിടയിലും ധര്‍മജാഗരണമുണ്ടാകുന്നു. അതുകൊണ്ട് പണ്ടത്തെപ്പോലെ ആരുടേതായാലും കുതിരകയറ്റം ഇനി അനുവദിക്കപ്പെടുകയില്ല. സ്വാതന്ത്ര്യം ദു:സ്വാതന്ത്ര്യമാക്കിയാല്‍ അതു നിസ്സഹായനായും നിസ്സംഗനായും നിശ്ചേഷ്ടനായും നോക്കിനില്‍ക്കുന്ന ദയനീയസ്ഥിതിയല്ല ഇന്നു ഹിന്ദുവിന്റേത്. അതേസമയം പണ്ടില്ലാത്തതുപോലെ അന്യര്‍ക്കിടയില്‍ ഹൈന്ദവദര്‍ശനത്തിന്റെ ഉദാരവീക്ഷണവും പ്രവേശിച്ചുതുടങ്ങിയിരിക്കുന്നു. ആ തോതില്‍ മുന്‍പുണ്ടായിരുന്ന ഹിന്ദുമത നിഷേധത്തിന്റെ വായ്ത്തലയും മടങ്ങിയിരിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.